തൊടുപുഴ: അരി, ഗോതമ്പ്, തൈര്, മോര്, ശർക്കര, പയർ ഉത്പന്നങ്ങൾ തുടങ്ങിയ മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷ്യ ഉത്പന്നങ്ങൾക്കെല്ലാം അഞ്ച് ശതമാനം ജി.എസ്.ടി ചുമത്തിയതിലൂടെ ചെറുകിട വ്യാപാര മേഖല കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജി.എസ്.ടി കൗൺസിലിന്റെ ഈ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനമെമ്പാടും നടത്തുന്ന സമരത്തിന്റെ ഭാഗമായി 27ന് രാവിലെ 11ന് കളക്ട്രേറ്റിന് മുമ്പിൽ ധർണ്ണ നടത്തും. 13ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരമുള്ള നികുതി നിത്യോപയോഗ വസ്തുക്കളുടെ എല്ലാം വില വർദ്ധിപ്പിക്കുന്നതാണ്. അടിക്കടിയുള്ള നികുതി വർദ്ധനവും പുതിയ നികുതി നിർദേശങ്ങളും മൂലം ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടി റിട്ടേൺ ഫയൽ ചെയ്യേണ്ട സാഹചര്യമാണ്. നിലവിൽ 40 ലക്ഷം രൂപ വരെ വാർഷിക വിറ്റുവരവുള്ള ചെറുകിട വ്യാപാരികൾക്ക് ജി.എസ്.ടി രജിസ്‌ട്രേഷൻ ആവശ്യമുണ്ടായിരുന്നില്ല. ചെറുകിട സ്ഥാപനങ്ങളിൽ പോലും കമ്പ്യൂട്ടറും കണക്ക് എഴുതാൻ പ്രത്യേകം ആളെയും വയ്ക്കേണ്ടി വരുന്ന സാഹചര്യമാണ്. വൻകിടക്കാരോട് മത്സരിച്ച് ചെറുകിട വ്യാപാര സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകുന്നവരെ സംബന്ധിച്ചിടത്തോളം നിലനിൽപ്പുതന്നെ അപകടത്തിലാകും. ചെറിയ പിഴവുകൾക്ക് പോലും വലിയ പിഴ ചുമത്തുന്ന രീതിയാണ് ജി.എസ്.ടി വകുപ്പിനുള്ളത്. അതിനാൽ ചെറുകിട വ്യാപാര സ്ഥാപനങ്ങളിൽ സമയ നഷ്ടം ഒഴിവാക്കാനും അളവുതൂക്കങ്ങൾ കൃത്യതയുള്ളതാക്കാനും മുൻകൂട്ടി പാക്ക് ചെയ്ത് വയ്ക്കുന്ന ഭക്ഷ്യ ഉത്പന്നങ്ങൾക്കും ചെറിയ അളവിൽ വിൽക്കപ്പെടുന്ന ഉൽപ്പന്നങ്ങൾക്കും പുതുതായി ഏർപ്പെടുത്തിയ ജി.എസ്.ടി ഉടനടി പിൻവലിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.

പ്ലാസ്റ്റിക് നിരോധനം വലിയ ബുദ്ധിമുട്ട്

തയ്യാറെടുപ്പുകളില്ലാതെയുള്ള പ്ലാസ്റ്റിക് നിരോധനം വലിയ ബുദ്ധിമുട്ടാണ് വ്യാപാര മേഖലയ്ക്ക് സൃഷ്ടിച്ചിട്ടുള്ളതെന്ന് വ്യാപാരികൾ പറഞ്ഞു. മത്സ്യ-മാംസാദികൾ ഉൾപ്പെടെയുള്ള വസ്തുക്കൾ എങ്ങനെ പാക്ക് ചെയ്യുമെന്നത് സംബന്ധിച്ച് വ്യക്തത ഇല്ലാതെയും പകരം സംവിധാനങ്ങൾ സംബന്ധിച്ച നിർദ്ദേശങ്ങൾ ഇല്ലാതെയും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നത് അപ്രായോഗികമാണ്. നിയന്ത്രിത തോതിലെങ്കിലും പ്ലാസ്റ്റിക് കാരിബാഗുകൾ ഉപയോഗിക്കാൻ അനുവദിക്കുകയും റീസൈക്കിൾ ചെയ്യുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയുമാണ് ചെയ്യേണ്ടത്. പാലും മദ്യവുമടക്കമുള്ള ധാരാളം ഉത്പന്നങ്ങൾ പ്ലാസ്റ്റിക് കവറുകളിലാണ് എത്തുന്നത്. ഇവയൊന്നും ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിൽ വ്യാപാര മേഖലയെ മാത്രം ബാധിക്കുന്ന നിയമങ്ങൾ ഉണ്ടാക്കുന്നത് അശാസ്ത്രീയമാണെന്ന് വ്യാപാരികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളിൽ, വർക്കിംഗ് പ്രസിഡന്റ് കെ.ആർ. വിനോദ്, ജില്ലാ വൈസ് പ്രസിഡന്റ് പി.എം. ബേബി, ജനറൽ സെക്രട്ടറി നജീബ് ഇല്ലത്തുപറമ്പിൽ, ട്രഷറർ ആർ. രമേശ്, തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് പി. അജീവ് എന്നിവർ പങ്കെടുത്തു.