 ഇനിയും പുനർനർമ്മിക്കാതെ മഹാപ്രളയത്തിൽ തകർന്ന രണ്ട് കമ്പിപാലങ്ങൾ

തൊടുപുഴ: 2018ലെ മഹാപ്രളയത്തിൽ തകർന്ന ചിറ്റൂർ- മടക്കത്താനം, ഒളമറ്റം കമ്പിപ്പാലങ്ങൾ നാല് വർഷം കഴിഞ്ഞിട്ടും പുനർനിർമ്മിക്കാനായില്ല. അക്കരെ കടക്കാൻ മാർഗമില്ലാതെ ജനം ഇപ്പോഴും കഷ്ടപ്പെടുന്നു. തൊടുപുഴയാറിന് കുറുകെ മടത്തുംകടവ് ഭാഗത്തായി ഇടുക്കി- എറണാകുളം ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ചിറ്റൂർ- മടക്കത്താനം പാലം. 2013ൽ വെള്ളപ്പൊക്കത്തിൽ തകർന്ന തൂക്കുപാലം 30 ലക്ഷം രൂപ മുടക്കി 2016ലാണ് പുനർനിർമ്മിച്ചത്. എന്നാൽ പാലം 2018ലെ മഹാപ്രളയത്തിൽ വീണ്ടും തകരുകയായിരുന്നു. ദിനംപ്രതി നൂറുകണക്കിന് യാത്രക്കാർ തൊടുപുഴ, മൂവാറ്റുപുഴ, വാഴക്കുളം, കോലഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലേയ്ക്ക് യാത്ര ചെയ്യുന്നതിന് ഉപയോഗിച്ചിരുന്ന ഈ കമ്പിപ്പാലം തകർന്നതോടെ പ്രദേശവാസികളുടെ യാത്രാദുരിതം വർദ്ധിച്ചു. തകർന്ന് പുഴയിൽ വീണ പാലം ഇപ്പോഴും പുഴയിൽ തന്നെ തുരുമ്പിച്ച് നശിക്കുകയാണ്. ഇത് പുഴയിൽ നിന്ന് നീക്കം ചെയ്യുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി വരികയാണെന്ന് മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് ടിസി ജോബ് പറഞ്ഞു. വൻതുക വേണമെന്നതിനാൽ പാലം പുനർനിർമ്മിക്കാൻ പഞ്ചായത്തിന് സാധിക്കില്ല. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി പാലം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് പഞ്ചായത്ത് പ്രൊപ്പോസൽ നൽകിയിട്ടുണ്ട്. എന്നാൽ അനുകൂല തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല.

സമാന അവസ്ഥയാണ് ഒളമറ്റം കമ്പിപ്പാലത്തിനും. 2018ലെ പ്രളയത്തിലാണ് ഒളമറ്റം കമ്പിപ്പാലവും തകർന്നത്. എന്നാൽ ഇതുവരെ പാലം പുനർനിർമിക്കാൻ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പുഴ കടക്കാനാകാതെ കിലോമീറ്ററുകൾ വട്ടംചുറ്റിയാണ് നാട്ടുകാർ തൊടുപുഴക്കെത്തുന്നത്. ഒളമറ്റം പ്രദേശത്തെയും ഇടവെട്ടി പഞ്ചായത്തിലെ തെക്കുംഭാഗത്തെയും എളുപ്പത്തിൽ ബന്ധിപ്പിച്ചിരുന്നത് ഈ തൂക്കുപാലമായിരുന്നു. ഇപ്പോഴും പാലത്തിന്റെ അവശിഷ്ടങ്ങൾ ഇരു കരകളിലുമായി കാണാം. പാലത്തിന് പകരം സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം വിവിധ മേഖലകളിൽനിന്ന് ഉയർന്നിട്ടും നടപടികൾ ഒന്നുമുണ്ടായിട്ടില്ല. പ്രളയത്തെ തുടർന്ന് പുഴയിലുണ്ടായ ശക്തമായ ഒഴുക്കിലെത്തിയ മരം വന്നിടിച്ചാണ് പാലം തകർന്നത്. മേഖലയിലെ നൂറുകണക്കിന് വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ആശ്രയമായിരുന്നു ഈ നടപ്പാലം. കാഞ്ഞിരമറ്റത്തും തെക്കുംഭാഗത്തുമുള്ളവർ ബസ് കയറാൻ കമ്പിപ്പാലം കടന്നാണ് തൊടുപുഴ- മൂലമറ്റം റൂട്ടിൽ ഒളമറ്റത്തെത്തിയിരുന്നത്. പാലം തകർന്നതോടെ തൊടുപുഴ ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റും എത്തണമെങ്കിൽ കിലോമീറ്ററുകൾ ചുറ്റി സഞ്ചരിക്കേണ്ട അവസ്ഥയാണ്. ഇവിടെ ഒരു കടത്തുവള്ളം സർവീസ് നടത്തുന്നുണ്ടെങ്കിലും മഴയിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇതും നിലയ്ക്കും. മഴ ശക്തി പ്രാപിക്കുന്നതോടെ നാട്ടുകാർക്ക് ഇതുവഴി കടന്ന് പോകാൻ കഴിയാത്ത സാഹചര്യമാണ്. കമ്പിപ്പാലത്തിന് പകരം കോൺക്രീറ്റ് പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി രൂപവത്കരിച്ച് എം.പി, എം.എൽ.എ, കളക്ടർ എന്നിവർക്ക് നിവേദനം നൽകിയെങ്കിലും നടപടികൾ ഒന്നുമുണ്ടായില്ല. അടിയന്തരമായി ഇരുപാലങ്ങളും പുനർനിർമ്മിച്ച് യാത്രാക്ലേശം പരിഹരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.