തൊടുപുഴ: 'പുളിക്കൽ പാലമോ... അതേത് പാലം.' ഗാന്ധി സ്‌ക്വയറിൽ പഴയ ബസ് സ്റ്റാൻഡിനോട് ചേർന്ന് റോഡരികിലുള്ള ബോർഡ് കണ്ട് തൊടുപുഴക്കാർ ഒന്നടങ്കം ചോദിക്കുന്ന ചോദ്യമാണിത്. ഗാന്ധി സ്‌ക്വയറിൽ നിന്ന് പാലത്തിലേക്ക് കയറുന്നതിന് മുമ്പ് ഇടതുവശത്തായി പി.ഡബ്ല്യു.ഡി സ്ഥാപിച്ച ബോർഡിലാണ് പുളിക്കൽ പാലമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി എഴുതിയിരിക്കുന്നത്. ഇക്കാലമത്രയും 'തൊടുപുഴ പഴയപാല'മെന്ന് വിളിച്ചിരുന്ന പാലത്തിന് ഇങ്ങനെയൊരു പേരുണ്ടായിരുന്ന വിവരം തൊടുപുഴയിലെ പുതുതലമുറയിൽപ്പെട്ട പലർക്കുമറിയില്ല. എന്നാൽ പുളിക്കൽക്കടവ് പാലമെന്ന വിളിപ്പേരുള്ള വിവരം പഴയതലമുറയിൽപ്പെട്ട പലർക്കുമറിയാം. പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലും വർഷങ്ങളായി പുളിക്കൽ പാലമെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എങ്ങനെയാണ് പാലത്തിന് ഈ പേര് വന്നതെന്ന് സംബന്ധിച്ച് ആധികാരികമായ വിവരങ്ങളൊന്നുമില്ല. മുമ്പ് പുളിക്കൽ എന്ന് പേരുള്ള ഒരു കുടംബം പാലത്തിന് സമീപം താമസിച്ചിരുന്നെന്നും അങ്ങനെയാണ് പാലത്തിന് ഈ പേര് വന്നതെന്നുമാണ് തന്റെ അറിവെന്ന് തൊടുപുഴ നഗരസഭാ മുൻ ചെയർമാനായ എൻ. ചന്ദ്രൻ പറയുന്നു. ഭൂരിഭാഗം പേർക്കും ഇതേ അഭിപ്രായമാണുള്ളത്. പുളിക്കൽ കുടുംബത്തിന് വീടിനോട് ചേർന്ന് പുഴയിൽ ഒരു കടവുമുണ്ടായിരുന്നു. ഇത് പുളിക്കൽക്കടവ് എന്നാണ് അറിയപ്പെട്ടിരുന്നത്. അങ്ങനെയാണ് പുളിക്കൽക്കടവ് പാലമെന്ന പേര് വന്നതെന്നാണ് പറയപ്പെടുന്നത്. മങ്ങാട്ടുകവല, മൂപ്പിൽക്കടവ് പാലം, മാരിയിൽക്കടവ് പാലം എന്നീ സ്ഥലനാമങ്ങളുടെയെല്ലാം ഉത്ഭവം കുടുംബപേരിൽ നിന്നാണല്ലോ. പില്ലറിന് മുകളിലടച്ച തടിപ്പാലമായിരുന്നു ആദ്യം. 1960കളുടെ തുടക്കത്തിലാണ് സുർക്കിയും സിമന്റും ചേർന്ന ഇപ്പോഴത്തെ കോൺക്രീറ്റ് പാലം നിർമ്മിക്കുന്നത്. 2019ൽ ജില്ലയിൽ പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം നിലവിൽ വന്നതോടെ തൊടുപുഴ പഴയപാലവും അവരുടെ കീഴിലായി. തങ്ങളുടെ ഉടമസ്ഥതയിലുള്ള പാലങ്ങളിലെല്ലാം ബോർഡ് സ്ഥാപിക്കുന്ന ജോലികൾ നടന്നുവരികയാണെന്ന് പി.ഡബ്ല്യു.ഡി പാലം വിഭാഗം ഇടുക്കി അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ സൂസൻ പറഞ്ഞു. അതിന്റെ ഭാഗമായാണ് തൊടുപുഴ പാലത്തിലും പുതിയ ബോർഡ് സ്ഥാപിച്ചത്. റോഡ് വിഭാഗം പാലം കൈമാറുമ്പോൾ രേഖകളിലുണ്ടായിരുന്നത് പുളിക്കൽ പാലമെന്നാണും സൂസൻ പറഞ്ഞു.