കട്ടപ്പന: വ്യക്തിപരമായ ആവശ്യത്തിനെന്ന പേരിൽ കൈക്കലാക്കിയ വാഹനങ്ങൾ യുവാവ് തമിഴ്‌നാട്ടിലെത്തിച്ച് പണയപ്പെടുത്തിയതായി പരാതി. കട്ടപ്പന, വണ്ടൻമേട് സ്വദേശികളുടെ വാഹനങ്ങളാണ് നഷ്ടമായത്. സംഭവത്തിൽ വാഹന ഉടമകൾ പുളിയൻമല കുറ്റിയാനിക്കൽ വിഷ്ണു എന്നയാൾക്കെതിരെ പൊലീസിൽ പരാതി നൽകി. കട്ടപ്പന സ്വദേശികളായ അനന്തു, അരുൺ, വണ്ടൻമേട് സ്വദേശി സെന്തിൽകുമാർ എന്നിവരുടെ വാഹനങ്ങളാണ് മാസങ്ങൾക്ക് മുമ്പ് വിഷ്ണു തട്ടിയെടുത്തത്. ആശുപത്രിയിൽ പോകാനെന്ന പേരിലാണ് അരുണിന്റെ വാഹനം വിഷ്ണു കൈക്കലാക്കിയത്. പിന്നീട് വാഹനം തിരികെ നൽകിയില്ല. അനന്തുവിന്റെ ടാറ്റ ഇൻഡിക്ക കാർ എക്‌സ് ചേഞ്ചിലൂടെ വിറ്റു തരാമെന്ന് വിശ്വസിപ്പിച്ചാണ് കൈക്കലാക്കിയത്. കാർ കൈക്കലാക്കിയ വിഷ്ണു പകരം ഒരു വാഗൺ ആർ കാർ നൽകിയെങ്കിലും അനന്തു അറിയാതെ അന്നേ ദിവസം വൈകിട്ട് ഈ കാർ എടുത്തു കൊണ്ടുപോകുകയായിരുന്നു. എക്‌സ്‌ചേഞ്ച് തുകയായി നൽകിയ 1.20 ലക്ഷം രൂപയും നഷ്ടപ്പെട്ടു. വണ്ടൻമേട് സ്വദേശി സെന്തിൽകുമാറിനെയും സമാന രീതിയിലാണ് വിഷ്ണു കബളിപ്പിച്ചത്. ഇയാൾ ഇത്തരത്തിൽ പത്തോളം വാഹനങ്ങൾ തട്ടിയെടുത്തിട്ടുള്ളതായി പരാതിക്കാർ ആരോപിച്ചു. ഈ വാഹനങ്ങൾ എല്ലാം തമിഴ്‌നാട് കമ്പത്തെ സ്ഥാപനത്തിലാണ് പണയപ്പെടുത്തിയിരിക്കുന്നത്.