നെടുങ്കണ്ടം: പെർമിറ്റില്ലാതെ സംസ്ഥാനന്തര അതിർത്തി ഭേദിച്ച ഏഴ് കോൺക്രീറ്റ് മിക്ചർ യൂണിറ്റുകൾക്ക് 2.2 ലക്ഷം രൂപ പിഴ ചുമത്തി മോട്ടർ വാഹന വകുപ്പ്. പെർമിറ്റില്ലാതെ കമ്പംമെട്ട് ചെക്പോസ്റ്റിലൂടെ നെടുങ്കണ്ടം കല്ലാറിലെത്തിയ കോൺക്രീറ്റ് മിക്സ്ചർ യൂണിറ്റ് ഘടിപ്പിച്ച ടോറസ് ലോറികളാണ് മോട്ടർ വാഹന വകുപ്പ് പിടിച്ചെടുത്തത്. ഒരു മിക്ചർ യൂണിറ്റിന് 31,​650 രൂപ വീതമാണ് പിഴ ഈടാക്കിയത്. അങ്ങനെ 2,​21,​550 രൂപയാണ് ലോറി ഉടമ അടയ്ക്കേണ്ടി വന്നത്. പണം അടച്ചതോടെ വാഹനങ്ങൾ വിട്ടു നൽകി. ഇന്നലെ രാവിലെ കല്ലാറിലെ സ്വകാര്യ വ്യക്തിയുടെ കെട്ടിട വാർക്കയ്ക്ക് വേണ്ടി കോൺക്രിറ്റ് മിക്‌സ് ചെയ്ത് തമിഴ്‌നാട്ടിൽ നിന്ന് ലോഡുമായി എത്തിയതാണ് ടോറസ് ലോറികൾ. ഇതിനിടെയാണ് മോട്ടർ വാഹന വകുപ്പ് പരിശോധന നടത്താനെത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടർ എസ്.എം. അരുൺകുമാർ, ഉദ്യോഗസ്ഥരായ എ.എസ്. പ്രദീപ്, പി.കെ. പ്രസാദ് എന്നിവരടങ്ങിയ സംഘമാണ് വാഹനങ്ങൾ പിടിച്ചെടുത്തത്. പെർമിറ്റ് എടുക്കാതെ അതിർത്തി കടന്ന സാഹചര്യത്തിലാണ് ഇരട്ടി പിഴ മോട്ടർ വാഹന വകുപ്പ് ഈടാക്കിയത്. സ്വകാര്യ വ്യക്തിയുടെ കെട്ടിട നിർമാണം കരാറുകാരനെയാണ് ഏൽപ്പിച്ചിരുന്നത്. കരാറുകാരന്റെ നേതൃത്വത്തിലാണ് തേനി ആസ്ഥാനമായി പ്രവർത്തിക്കുന്ന കോൺക്രീറ്റ് മിക്സ്ചർ യൂണിറ്റ് വാഹനങ്ങൾ ഏർപ്പാടാക്കിയത്. മേഖലയിൽ കല്ലും മണ്ണും ലഭിക്കാതെ വന്ന സാഹചര്യത്തിലാണ് തമിഴ്‌നാട്ടിൽ നിന്ന് കോൺക്രീറ്റ് രൂപത്തിൽ തന്നെ ടോറസ് ലോറിയിൽ എത്തിച്ചത്. പമ്പിങ് നടത്തിയാണ് കോൺക്രീറ്റ് കെട്ടിടത്തിൽ ഉറപ്പിക്കുന്നത്. എത്തിയ വാഹനങ്ങൾക്കൊന്നും പെർമിറ്റില്ലെന്നും കോൺക്രീറ്റ് ഇറക്കിയ ശേഷമാണ് വാഹനങ്ങൾ പിടിച്ചെടുത്തതെന്നും മോട്ടർ വാഹന വകുപ്പ് അറിയിച്ചു.