തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ റൂൾലെവലിൽ മാറ്റം. ബുധനാഴ്ച വരെ ബ്ലൂ അലർട്ട് ലെവൽ 2369.95 അടിയായിരുന്നു. ഇന്നലെ മുതൽ ഇത് 2372.58 അടിയായി ഉയർന്നു. 2378.58 അടിയാണ് ഓറഞ്ച് അലർട്ട് ലെവൽ. 2379.58 അടിയാണ് റെഡ് അലർട്ട് ലെവൽ. 2380.58 അടിയാണ് അപ്പർ റൂൾലെവൽ. ഈ മാസം അവസാനം വരെ ഇത് തുടരും. ഇന്നലെ രാവിലെ രേഖപ്പെടുത്തിയ കണക്ക് പ്രകാരം 2370.24 അടിയാണ് ഡാമിലെ ജലനിരപ്പ്. ആകെ സംഭരണ ശേഷിയുടെ 64.24 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. മഴയുടെ ശക്തി കുറഞ്ഞെങ്കിലും ദിവസവും സംഭരണിയിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവ് കാര്യമായി കുറയാതെ തുടരുകയാണ്. ഈ മാസം മാത്രം ഇതുവരെ 683.991 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കാവശ്യമായ വെള്ളമൊഴുകിയെത്തി. ജൂണിനെ അപേക്ഷിച്ച് നാലിരട്ടിയോളം അധികമാണിത്. കഴിഞ്ഞ 20 ദിവസത്തിനിടെ 30 അടിയോളം വെള്ളമാണ് കൂടിയത്. കാലവർഷം 50 ദിവസം പിന്നിടുമ്പോൾ 30 ശതമാനം മഴയുടെ കുറവ് ജില്ലയിലുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 135.6 അടിയായി കുറഞ്ഞു. നേരത്തെ ഇത് 135.9 വരെ എത്തിയിരുന്നു. റൂൾകർവ് പ്രകാരം 136.6 അടി വരെ ഇവിടെ വെള്ളം സംഭരിക്കാം.