തൊടുപുഴ: ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ 25.7 കിലോ മീറ്റർ നീളം വരുന്ന രണ്ട് റോഡുകൾക്കായി സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ട് സ്‌കീമിൽ ഉൾപ്പെടുത്തി 35 കോടി രൂപ അനുവദിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. നെടുങ്കണ്ടം- പച്ചടി- മഞ്ഞപ്പാറ- മേലെചിന്നാർ 13.7 കിലോമീറ്റർ വരുന്ന മേജർ ഡിസ്ട്രിക്ട് റോഡിനെ, ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് 19 കോടി രൂപയുടെ അനുമതിയാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നൽകിയിരിക്കുന്നത്. 17-ാം ലോക്സഭാ കാലയളവിൽ ആദ്യമായാണ് സി.ആർ.ഐ.എഫ് പദ്ധതിയിൽ കേരളത്തിലേക്ക് റോഡ് അനുവദിക്കുന്നതെന്ന് എം.പി പറഞ്ഞു. 2020ൽ റോഡുകളുടെ പട്ടിക സംസ്ഥാന ദേശീയപാതാ വിഭാഗത്തിന് എം.പി നൽകിയിരുന്നു. എന്നാൽ സംസ്ഥാനത്ത് നിന്ന് തയ്യാറാക്കിയിരുന്ന പട്ടികയിൽ ഇടുക്കി ലോക്‌സഭാ മണ്ഡലത്തിലെ റോഡുകൾ ഉൾപ്പെടുത്തിയിരുന്നില്ല. ഇക്കാര്യം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്ഗരിയുടെയും റോഡ് വിഭാഗം ഡയറക്ടർ ജനറലിന്റെയും ശ്രദ്ധയിൽകൊണ്ടുവരികയും തുടർന്ന് പൊതുമരാമത്ത് ദേശീയപാത വിഭാഗം ചീഫ് എൻജിനീയർ, വകുപ്പ് സെക്രട്ടറി എന്നിവരുമായി ബന്ധപ്പെട്ട് റോഡുകളുടെ പട്ടിക വീണ്ടും കേന്ദ്രത്തിന് അയക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രണ്ട് റോഡുകൾക്ക് അനുമതി ലഭിച്ചിരിക്കുന്നത്. തങ്കളം- തൃക്കാരിയൂർ- ആയക്കാട്- മുത്തംകുഴി- വേട്ടാംപാറ (12 കി.മി) റോഡിന് 16 കോടിയുമാണ് ഇതോടൊപ്പം അനുവദിച്ചിരിക്കുന്നത്. റോഡുകൾ ആധുനിക നിലവാരത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ കീഴിൽ ദേശിയപാതാ വിഭാഗം മേൽനോട്ടം വഹിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. കൂടുതൽ റോഡുകൾ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് ശ്രമിച്ചുവരുന്നതായി എം.പി. അറിയിച്ചു. നെടുങ്കണ്ടം പട്ടണവും സമീപ പ്രദേശങ്ങളും സംസ്ഥാന പാതയും നിർദ്ദിഷ്ട കൊച്ചി- തേനി ഗ്രീൻഫീൽഡ് പാതയും തമ്മിൽ ബന്ധിപ്പിക്കുന്ന ഉന്നതനിലവാരമുള്ള റോഡായി സി.ഐ.ആർ.എഫ് റോഡ് മാറുമെന്നും എം.പി പറഞ്ഞു.