തൊടുപുഴ: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പ്രഹസനങ്ങളായി മാറുന്നു.വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന കളക്ടർ ചെയർപേഴ്സണായ സമിതിയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.എന്നാൽ അതോറിറ്റിയുടെ സേവനങ്ങൾ കൃത്യമായി ലഭിക്കുന്നില്ല എന്ന് വ്യാപകമായ ആരോപണങ്ങളാണ് ജില്ലയുടെ വിവിധ മേഖലകളിൽ നിന്നുയരുന്നത്.അടിയന്തര ഘട്ടങ്ങളിൽ വിവരങ്ങൾ അറിയിക്കാനുള്ള ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ല എന്നും ആക്ഷേപമുണ്ട്.ഏതാനും ദിവസങ്ങൾക്ക് മുൻപ് പുലർച്ചെ 5 മണിയോടെ മൂലമറ്റം ഗവ.ഹയർ സെക്കന്ററി സ്കൂളിന്റെ സംരക്ഷണ ഭിത്തി തകർന്ന് വൻ അപകടം സംഭവിച്ചിരുന്നു.ഇത്‌ സംബന്ധിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ പ്രദേശവാസികൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ഫോണിലേക്ക് ഏറെ സമയം വിളിച്ചെങ്കിലും ആരും ഫോൺ അറ്റന്റ് ചെയ്തില്ല .ദുരന്തങ്ങൾ പൂർണ്ണമായും ഇല്ലാതാക്കൽ, ദുരന്തങ്ങൾ സംഭവിക്കാൻ സാദ്ധ്യതയുണ്ടെങ്കിൽ അതിന്റെ അഘാതം കുറക്കൽ എന്നിങ്ങനെയുള്ള പ്രവർത്തികളും ദുരന്ത നിവാരണ അതോറിറ്റിയുടെ ഉത്തരവാദിത്തങ്ങളാണ്.എന്നാൽ ഇത്തരം സംഭവങ്ങളിൽ നിന്ന് മുഖം തിരിക്കുന്ന പ്രവർത്തികളാണ് ഇടുക്കി ജില്ലാ ദുരന്ത നിവാരണ അധികൃതരിൽ നിന്നുണ്ടാകുന്നതെന്ന് പറയപ്പെടുന്നു.

മരത്തിന്റെ അപകടാവസ്ഥകളും

അവഗണിക്കുന്നു

ജില്ലയുടെ വിവിധ മേഖലകളിലെ വഴിയോരങ്ങളിൽ മരങ്ങൾ അപകടാവസ്ഥയിലാണ്.ഇത്‌ സംബന്ധിച്ച് നിരവധി പരാതികളാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയിലേക്ക് എത്തുന്നത്. പ്രദേശികമായിട്ടുള്ള മരങ്ങളുടെ അപകടാവസ്ഥകൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളിലുള്ള 'ട്രീ' കമ്മറ്റികൾക്ക് അധികാരമുണ്ട്. എന്നാൽ നടപടി ക്രമങ്ങളിലെ നൂലാമാലകളിൽപ്പെട്ട് ട്രീ കമ്മറ്റികളിലെ തീരുമാനങ്ങൾ പ്രാവർത്തികമാകാൻ വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നേക്കും.ഈ സാഹചര്യത്തിൽ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് വേഗത്തിൽ പ്രശ്നം പരിഹരിക്കാൻ കഴിയും.എന്നാൽ ജില്ലയിലെ വിവിധ തദ്ദേശ സ്ഥാപന പ്രസിഡന്റുമാർ, മറ്റ് ജനപ്രതിനിധികൾ ഉൾപ്പടെയുള്ളവർ പ്രാദേശികമായിട്ടുള്ള മരങ്ങളുടെ അപകടാവസ്ഥകൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ദുരന്ത നിവാരണ അധികൃതരെ അറിയിച്ചാൽ പോലും അതെല്ലാം അവഗണിക്കുകയാണെന്നും പറയപ്പെടുന്നു.ഫോണിൽ വിവരങ്ങൾ അറിയിച്ചാൽ മെയിലിലൂടെ പരാതി അയക്കാൻ ആവശ്യപ്പെടും.എന്നാൽ ഇതൊക്കെ ചെയ്താലും അടിയന്തര ഇടപെടൽ ഇവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നുമില്ല.മരങ്ങൾ ചുവടോടെ മുറിക്കാതെ അപകടാവസ്ഥയിലുള്ള ശിഖരങ്ങൾ മാത്രം മുറിച്ച് ദുരന്തങ്ങൾ ഇല്ലാതാക്കാൻ കഴിയും.എന്നാൽ മഴക്കാലം,വേനൽക്കാലം എന്നിങ്ങനെ വ്യത്യാസമില്ലാതെ മരങ്ങൾ ചുവടോടെ മറിഞ്ഞും ശിഖരങ്ങൾ ഒടിഞ്ഞും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വൻദുരന്തങ്ങൾ ആവർത്തിക്കപ്പെടുമ്പോഴും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന ഭാവത്തിലാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അധികാരികൾ.

-------------------

"ദുരന്ത നിവാരണ അതോറിറ്റിയിൽ എന്തെങ്കിലും പരാതികൾ ലഭിച്ചാൽ അതാത് വില്ലേജ് ഓഫീസറിലൂടെ അന്വേഷണം നടത്തി തുടർ നടപടികൾ സ്വീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ സെല്ലിന് ഉത്തരവാദിത്തമുണ്ട് " സംസ്ഥാന ദുരന്ത നിവാരണ ഓഫീസ് അധികൃതർ.