കട്ടപ്പന: പഴയ ബസ് സ്റ്റാൻഡിന് സമീപം മിനി സ്‌റ്റേഡിയത്തിന് അരികിലായി ഡോ. ബി. ആർ അംബേദ്കർ- അയ്യൻകാളി സ്മൃതി മണ്ഡപം സ്ഥാപിക്കുവാനായി അനുവദിച്ച തുക വെട്ടിക്കുറച്ച നഗരസഭയുടെ നിലപാട് പ്രതിഷേധകരമാണെന്ന് സംയുക്ത സമരസമിതി. ബീനാ ജോബി ചെയർപേഴ്സാണായിരുന്നപ്പോൾ അനുവദിച്ച 15 ലക്ഷം രൂപയാണ് കഴിഞ്ഞ ദിവസം വെട്ടിച്ചുരുക്കി 10 ലക്ഷം രൂപയായി കുറച്ച് കൗൺസിലിൽ അംഗീകരിച്ചത്. 2009 ൽ ബി. ആർ അംബേദ്കർ പ്രതിമ തകർക്കപ്പെട്ടിരുന്നു. ഇതിന് ശേഷം നടന്ന നിരന്തരമായ പ്രക്ഷോഭങ്ങൾക്ക് ശേഷം അംബേദ്‌കർ- അയ്യൻകാളി പ്രതിമകൾ നിർമ്മിക്കണമെന്ന് ഉത്തരവുണ്ടായിരുന്നു. തുടർന്നാണ് 2021ൽ സ്മൃതി മണ്ഡപത്തിന് നഗരസഭ തനത് ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ അനുവദിച്ചത്. അനുവദിച്ച തുക ഉപയോഗിച്ച് പൂർണ്ണകായ പ്രതിമകൾ സ്ഥാപിക്കാൻ സാധിക്കില്ലെന്നിരിക്കെ വീണ്ടും തുക കുറച്ചത് ദളിത് വിരോധമാണെന്നും നേതാക്കൾ വിമർശിച്ചു. നഗരസഭയുടെ നിലപാടിനെതിരെ ഞായറാഴ്ച സമര പ്രഖ്യാപന കൺവൻഷൻ നടത്തുമെന്നും സ്മൃതി മണ്ഡപ പുനർനിർമ്മാണ സമരസമിതി നേതാക്കളായ രാജൂ ആഞ്ഞിലി തോപ്പിൽ, സുനീഷ് കുഴിമറ്റം, ഷാജി പാണ്ടിമാക്കൽ, കെ.ആർ. രാജൻ എന്നിവർ പറഞ്ഞു.