തൊടുപുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.എസ്.ടി.എ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 11ന് തൊടുപുഴ ഡി.ഡി ഓഫീസിന് മുമ്പിൽ ജില്ലാ മാർച്ചും ധർണയും നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ തിരുത്തുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് ശക്തി പകരുക, ദേശീയ വിദ്യാഭ്യാസനയം തള്ളുക, മതനിരപേക്ഷത സംരക്ഷിക്കുക, പി.എഫ്.ആർ.ഡി.എ നിയമം പിൻവലിക്കുക, നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കുക, പാഠ്യപദ്ധതി പരിഷ്‌കരണപ്രവർത്തനങ്ങൾ വേഗത്തിലാക്കുക, അംഗീകാരമില്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടുക, ആദായനികുതി കണക്കാക്കാനുള്ള വരുമാനപരിധി ഉയർത്തുക, ഹയർ സെക്കൻഡറി ഉൾപ്പെടെ എല്ലാ വിദ്യാലയങ്ങളിലും പീരീഡ് കണക്കാക്കി കലാ- കായിക പ്രവൃത്തിപരിചയ അദ്ധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനങ്ങൾ നടത്തുക, അദ്ധ്യാപക- വിദ്യാർത്ഥി അനുപാതം കാലോചിതമായി പരിഷ്‌കരിക്കുക, ഡയറ്റ് അദ്ധ്യാപക നിയമനം വേഗത്തിലാക്കുക, എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും പ്രീ- പ്രൈമറി ആരംഭിക്കുക, സ്‌കൂൾ ഉച്ചഭക്ഷണത്തുക വർദ്ധിപ്പിക്കുക, വിദ്യാഭ്യാസ മേഖലയ്ക്കുള്ള കേന്ദ്രവിഹിതം വർദ്ധിപ്പിക്കുക, ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഉടൻ പ്രാവർത്തികമാക്കുക, സ്‌കോളർഷിപ്പുകൾ കാലോചിതമായി വർദ്ധിപ്പിക്കുക, പൊതുവിദ്യാലയങ്ങളിൽ ലൈബ്രേറിയന്മാരെ നിയമിക്കുക, ബ്രോക്കൺ സർവീസ് എല്ലാ ആനുകൂല്യങ്ങൾക്കും പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിയാണ് ധർണ. കെ.എസ്.ടി.എ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കും. തുടർന്ന് ധർണ ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി.വി. വർഗീസ് ഉദ്ഘാടനം ചെയ്യും. കെ.എസ്.ടി.എ സംസ്ഥാന എക്‌സിക്യൂട്ടീവംഗം എ.എം. ഷാജഹാൻ, ജില്ലാ പ്രസിഡന്റ് ആർ. മനോജ്, സെക്രട്ടറി എം. രമേശ്, ട്രഷറർ എം.ആർ. അനിൽകുമാർ, സംസ്ഥാന കമ്മിറ്റിയംഗം ടി.ബി. മോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.