തൊടുപുഴ: സംസ്ഥാന വനിത കമ്മീഷൻ തൊടുപുഴയിൽ സിറ്റിങ് നടത്തി. കമ്മീഷനംഗം ഷാഹിദ കമാലാണ് കേസുകൾ പരിഗണിച്ചത്. സ്ത്രീകൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ഗൗരവത്തോടെയാണ് കമ്മീഷൻ പരിഗണിക്കുന്നതെന്നും ഇത്തരം സംഭവങ്ങളിൽ ഉചിതമായ നടപടികളാണ് കമ്മീഷൻ സ്വീകരിക്കുന്നതെന്നും ഷാഹിദ കമാൽ പറഞ്ഞു. തൊടുപുഴയിലും പരിസര പ്രദേശങ്ങളിലുമുള്ളവർക്ക് പ്രത്യേകമായാണ് അദാലത്ത് സംഘടിപ്പിച്ചത്. പരാതിക്കാർക്ക് വന്ന് പോകുന്നതിന് സൗകര്യത്തിനായി ജില്ലയെ നാല് മേഖലകളാക്കി തിരിച്ചാണ് സിറ്റിങ് നടത്തുന്നത്. കുടുംബ പ്രശ്‌നങ്ങൾ, വസ്തു തർക്കങ്ങൾ തുടങ്ങി പരാതികളും പരിഗണിച്ചവയിലുണ്ടായിരുന്നു. ഇതിൽ വനിത കമ്മീഷന് ഇടപെടാവുന്ന വിഷയങ്ങളിലെ പരാതികൾ പരിഹരിച്ചു. കമ്മീഷന് പരിഹരിക്കാൻ പറ്റാത്ത പരാതികളുമായി എത്തിയവരെ വ്യക്തമായ നിയമോപദേശം നൽകി മടക്കിയയച്ചെന്നും ഷാഹിദ കമാൽ പറഞ്ഞു. സിറ്റിങിൽ ആകെ 37 പരാതികൾ പരിഗണിച്ചു. ഇതിൽ 12 എണ്ണം തീർപ്പാക്കി. അഞ്ചെണ്ണത്തിൽ വിവിധ വകുപ്പധികൃതരോട് റിപ്പോർട്ട് തേടി. ബാക്കി പരാതികൾ അടുത്ത സിറ്റിങിൽ പരിഗണിക്കാനായി മാറ്റി.