• 2017 മാർച്ച് മുതൽ പടുതാകുളത്തിലും ചുറ്റുമതിലില്ലാത്ത കുളത്തിലും വീണ് മരിച്ചത് 37 പേർ

കട്ടപ്പന : പടുതാക്കുളങ്ങളിലും സംരക്ഷണവേലിയില്ലാത്ത കുളങ്ങളിലും

വീണുള്ള മരണങ്ങൾ തുടർക്കഥയായിട്ടും ഉചിത നടപടിയെടുക്കാൻ കഴിയാതെ ജില്ലാ ഭരണകൂടം. ജില്ലാ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ 2017 മുതൽ 2022 ഏപ്രിൽ വരെയുള്ള അഞ്ച് വർഷത്തെ കണക്ക് പ്രകാരം ഒരു വയസുകാരി ഉൾപ്പടെ 36 പേരാണ് വിവിധ സുരക്ഷിതമല്ലാത്ത കുളങ്ങളിൽ വീണ് മരണപ്പെട്ടത്. ബുധനാഴ്ച്ച ഉപ്പുതറ ഒൻപതേക്കറിൽ അസാം സ്വദേശികളുടെ മകൻ അഞ്ചു വയസ്സുകാരൻ ഓംകൂർ ചുറ്റുമതിൽ ഇല്ലാത്ത കുളത്തിൽ വീണ് മരണപ്പെട്ടതോടെ എണ്ണം 37 ആയി.തൊടുപുഴ മേഖലയിലാണ് ഈ കാലയളവിൽ ഏറ്റവും കൂടുതൽ ആളുകളെ ചുറ്റുമതിലില്ലാത്ത കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവിടെ 9 പേർ മരണപ്പെട്ടു.എന്നാൽ മരണമടഞ്ഞ ബാക്കി 28 പേരും ഹൈറേഞ്ചിലാണ്.തോട്ടം മേഖലയായ വണ്ടൻമേട്ടിൽ 4 പേരും ,ഉടുമ്പൻചോല കുമളി എന്നിവിടങ്ങളിൽ 3 പേർ വീതവും കമ്പംമെട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ 4 പേരും തങ്കമണിയിൽ 2 പേരും ,രാജാക്കാട് നെടുംങ്കണ്ടം മേഖലയിലായി ഓരോരുത്തർ വീതവും കുളത്തിൽ വീണ് ജീവൻ നഷ്ടമായവരുണ്ട്. അഞ്ച് വർഷ കാലയളവിൽ 6 കുട്ടികളാണ് ജില്ലയിൽ പടുതാകുളത്തിൽ വീണ് മരിച്ചത്.അവസാനമായി

ഏപ്രിൽ 6 ന് മേട്ടുക്കുഴിയിൽ ഏലതോട്ടത്തിലെ പടുതാകുളത്തിൽ അതിഥി തൊഴിലാളികളുടെ മകൻ പത്തു വയസ്സുകാരൻ കാൽ വഴുതി വീണ് മരിച്ചു.2020 നവംബറിൽ കട്ടപ്പന തുളസിപാറയിൽ വീടിനു സമീപത്തെ പടുതാക്കുളത്തിലാണ് ഒരു വയസ്സുകാരിയെ മരിച്ച നിലയിൽ കാണപ്പെട്ടത്. കഴിഞ്ഞ മെയിലാണ് കറുവാക്കുളത്തത്തിന് സമീപം ഏലത്തോട്ടത്തിലെ ആഴമേറിയ കുളത്തിൽ സുഹൃത്തുക്കളുമൊത്ത് കളിച്ചുകൊണ്ടിരുന്ന പെൺകുട്ടി വീണ് മരിച്ചത്.

ഏലതോട്ടങ്ങളിൽ അപകടക്കെണിയൊരുക്കി പടുതാകുളങ്ങൾ പണിത് കൂട്ടുമ്പോഴും നടപടിയെടുക്കേണ്ട അധികാരികൾ മൗനം പാലിക്കുയാണെന്ന ആക്ഷേപം രൂക്ഷമാണ്.ഏറ്റവും ഒടുവിൽ ഒൻപതേക്കറിൽ ബുധനാഴ്ച അഞ്ചുവയസ്സുകാരൻ ചുറ്റുമതിൽ ഇല്ലാത്ത കുളത്തിൽ വീണ് മരിച്ചിട്ടും ഇത്തരം നിർമ്മാണങ്ങൾ നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടം തയ്യാറായിട്ടില്ല.ഹൈറേഞ്ചിലെ ഏലത്തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ പടുത കുളങ്ങൾ നിർമ്മിച്ചിട്ടുള്ളത്.ജലസേചനമാണ് ലക്ഷ്യം.മലഞ്ചെരുവുകളിൽ നിർമ്മിച്ചിരിക്കുന്ന ഇത്തരം തടയിണകൾ ജനവാസ മേഖലകൾക്കടക്കം ഭീഷണിയാണ്.ജീവൻ നഷ്ടപ്പെടുത്തുന്ന പടുതാകുളങ്ങളും, താത്കാലിക കുളങ്ങളും നിർമ്മിക്കുന്നതിൽ ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ ഇനിയും മരണ വാർത്തകൾ കേൾക്കേണ്ടി വരാം.

ഹൈറേഞ്ചിൽ ഏലത്തോട്ടത്തിൽ നിർമ്മിച്ചിരിക്കുന്ന പടുതാകുളം