കട്ടപ്പന :കിസാൻസഭ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാർ ആഫീസുകൾക്കുമുമ്പിലേക്ക് മാർച്ചും ധർണയും നടത്തി.ജില്ലയിൽ നിലനിൽക്കുന്ന ഭൂപ്രശ്‌നങ്ങൾ പരിഹരിക്കുക,ബഫർസോൺ വിഷയത്തിന് അടിയന്തിര പരിഹാരം കാണുക ,വന്യമൃഗശല്യത്തിന് പരിഹാരം കാണുക, ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ കൃഷിക്കാരുടെ മേലുളള കർഷക ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന സമരം കട്ടപ്പനയിൽ സി പി ഐ മണ്ഡലം സെക്രട്ടറി വി ആർ ശശി ഉദ്ഘാടനം ചെയ്തു.വനംവകുപ്പ് സെക്ഷൻ ഓഫീസിനു മുൻപിലായിരുന്നു സമരം.അയ്യപ്പൻകോവിൽ പോസ്റ്റ് ഓഫീസിനുമുമ്പിൽ കിസാൻസഭ ജില്ലാ സെക്രട്ടറി റ്റി.സി കുര്യനും,നെടുംകണ്ടത്ത് കിസാൻസഭ ജില്ലാ പ്രസിഡന്റ് പികെ സദാശിവനും,വണ്ടന്മേട്ടിൽ സിപിഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം വി.കെ ധനപാലും,ശാന്തമ്പാറ സ്‌പൈസസ് ബോർഡിന് മുമ്പിൽ സിപിഐ ജില്ലാ കൗൺസിൽ അംഗം പി.റ്റി മുരുകനും,രാജാക്കാട് സിപിഐ നേതാവ് കെ.പി.അനിലും,രാജകുമാരിയിൽ സിപിഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി പി.ആർ പുഷ്പാംഗതനും, അടിമാലിയിൽ സിപിഐ മണ്ഡലം സെക്രട്ടറി കെ.എം.ഷാജിയും, ഉപ്പുതറ വളകോട്ട് ഫോറസ്റ്റ് ഓഫീസിനു മുമ്പിൽ ജില്ലാ പഞ്ചായത്തംഗം ആശാ ആന്റണിയും ഉദ്ഘാടനം ചെയ്തു. അഡ്വ. വി എസ് അഭിലാഷ്,എൻ വിപിനചന്ദ്രൻ,കെ എൻ കുമാരൻ,രാജൻകുട്ടി മുതുകുളം എന്നിവർ കട്ടപ്പനയിൽ പ്രസംഗിച്ചു.