കട്ടപ്പന :ബ്ലോക്ക് പഞ്ചായത്തിന്റെയും നഗരസഭയുടെയും ഉപ്പുതറ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ 9.30 മുതൽ കട്ടപ്പന സെന്റ് ജോർജ് ഹയർസെക്കൻഡറി സ്‌കൂളിൽ കട്ടപ്പന റവന്യു ബ്ലോക്കുതല ആരോഗ്യമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പഞ്ചായത്തുകളുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്. അലോപ്പതി, ആയുർവേദം, ഹോമി വിഭാഗങ്ങളുടെ സ്റ്റാളുകളും എക്‌സിബിഷനുകളും സ്‌ക്രീനിങ് ക്യാംപുകൾക്കുമൊപ്പം ഐസിഡിഎസ്, കുടുംബശ്രീ, ശുചിത്വമിഷൻ, ജല അതോറിറ്റി, വെക്ടർ കൺട്രോൾ യൂണിറ്റ്, എക്‌സൈസ്, ഫയർ ആൻഡ് റസ്‌ക്യൂ, സ്‌കൂൾ, കോളജ്, നഴ്‌സിങ് സ്‌കൂൾ തുടങ്ങിയവയുടെ ആരോഗ്യ ബോധവൽകരണ പ്രദർശനവും സെമിനാറുകളും കലാപരിപാടികളും മേളയോട് അനുബന്ധിച്ചു നടക്കും.പൊതുജനാരോഗ്യ മേഖല ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായ പൊതുജന സമ്പർക്ക പരിപാടിയായാണ് ആരോഗ്യമേള നടത്തുന്നത്. രാവിലെ 10.30ന് മന്ത്രി റോഷി അഗസ്റ്റിൻ മേള ഉദ്ഘാടനം ചെയ്യുമെന്നു ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ അറിയിച്ചു.ഉദ്ഘാടന യോഗത്തിൽ ഡീൻ കുര്യാക്കോസ് എംപി മുഖ്യപ്രഭാഷണം നടത്തും. എം.എം.മണി എംഎൽഎ ആരോഗ്യ അനുബന്ധ സ്റ്റാളുകളും വാഴൂർ സോമൻ എംഎൽഎ പൊതുവിജ്ഞാന സ്റ്റാളുകളും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് വജ്രജൂബിലി കലാപരിശീലന പരിപാടിയും ജില്ലാ കലക്ടർ ഷീബ ജോർജ് ബോധവൽകരണ സെമിനാറുകളും നഗരസഭാ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം സിഗ്‌നേച്ചർ ക്യാംപെയ്‌നും ഉദ്ഘാടനം ചെയ്യും.മേളയ്ക്കു മുന്നോടിയായി രാവിലെ 9.30ന് ടൗൺ ഹാൾ പരിസരത്ത് നിന്നാരംഭിക്കുന്ന വിളംബര റാലി 33 കേരള ബറ്റാലിയൻ ഇടുക്കി കമാൻഡിങ് ഓഫിസർ കേണൽ എച്ച്.ഷുക്കൂർ ഫ്‌ളാഗ് ഓഫ് ചെയ്യും.മേളയുടെ ഭാഗമായി വൈകിട്ട് 4 വരെ സ്റ്റാളുകൾ, വിവിധ കലാപരിപാടികൾ എന്നിവയും നടക്കുമെന്ന് നഗരസഭ വൈസ് ചെയർമാൻ ജോയ് ആനിതോട്ടം,ലാലച്ചൻ വെള്ളക്കട, ജോസകുട്ടി മാത്യു,അലക്‌സ് ടോം,ടോണി ജോസ് എന്നിവർ പറഞ്ഞു.