ഇടുക്കി: ജൂൺ പതിനാലിന് തൊടുപുഴയിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെ പൊലീസ് ലാത്തിച്ചാർജിൽ ഒരു കണ്ണിന് കാഴ്ച്ച നഷ്ടപ്പെട്ട തന്നെ പൊലീസ് വീണ്ടും ദ്രോഹിക്കുന്നതായി യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ്. ഇടതുകണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയും തലക്ക് പൊട്ടലുണ്ടാകുകയും ദേഹമാസകലം ലാത്തിയടിയേൽക്കുകയുമുണ്ടായി. ഇതേതുടർന്ന് ഒരു മാസത്തിലേറയായി ചികിത്സയിലാണ്. തന്റെ ജീവിതം താറുമാറാക്കിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകിയിരിന്നു. പരാതിയുടെ ഗൗരവം മനസ്സിലാക്കിയ മനുഷ്യാവകാശ കമ്മീഷൻ ജില്ലാ പൊലീസ് മേധാവിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. എന്നാൽ കുറ്റക്കാരെ സംരക്ഷിക്കാനുള്ള ഗൂഡലക്ഷ്യത്തോടെ റിപ്പോർട്ട് കൃത്യസമയത്ത് നൽകിയില്ല ഇതേതുടർന്ന് കമ്മീഷൻ വീണ്ടും റിപ്പോർട്ട് നൽകാൻ എസ്.പിയെ ഓർമ്മപ്പെടുത്തിയിരിക്കുകയാണ്. കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ പൊലീസും അതിന് ഉത്തരവ് നൽകിയ ഇടത് ഭരണകൂടവും എന്നെ വീണ്ടും ദ്രോഹിക്കുകയാണ്. ഇതിനെ പാർട്ടിയുടെ പിന്തുണയോടെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്നും ബിലാൽ സമദ് പറഞ്ഞു.