മുട്ടം: പഞ്ചായത്ത്‌ പ്രദേശത്തെ ഓടകൾ മിക്കതും കൃത്യമായി പരിപാലിക്കാത്തതിനെ തുടർന്ന് ചെളിയും മാലിന്യങ്ങളും നിറഞ്ഞ് കൊതുകുകളുടെ ആവാസകേന്ദ്രമായി മാറി. എലികൾ കൂട്ടത്തോടെ മണ്ണ് മാന്തുന്നതിനാൽ കുഴികളും പൊത്തും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത അവസ്ഥയാണ്. വർഷങ്ങളായി ചില സ്ഥലങ്ങളിൽ ഓടയ്ക്ക് മുകളിൽ സ്ലാബുകളില്ല. ഒടിഞ്ഞ സ്ലാബുകൾ മാറ്റി സ്ഥാപിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നുമുണ്ട്. നിരവധി തവണ വാഹനങ്ങളും കാൽനട യാത്രക്കാരും ഓടയിൽ വീണ് അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. മുട്ടം- മൂലമറ്റം റൂട്ടിൽ സ്വകാര്യ ആശുപത്രിയ്ക്ക് എതിർ വശത്തും മുട്ടം- ഈരാറ്റുപേട്ട റൂട്ടിൽ മുട്ടം ടാക്സി സ്റ്റാൻഡിന് സമീപത്തുമുള്ള ഓടയുടെ മുകളിൽ നിന്ന് സ്ലാബുകൾ നീക്കം ചെയ്തിട്ട് വർഷങ്ങളായി. ഇവിടം ഏറെ അപകടാവസ്ഥയിലായിട്ടും അധികൃതർ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് വ്യാപകമായ ആക്ഷേപമാണുയരുന്നത്. നിത്യവും അനേകം വാഹനങ്ങൾ കടന്ന് പോകുന്ന സംസ്ഥാന പാതയോരത്താണ് ഈ അപകടാവസ്ഥ. ഇത്‌ സംബന്ധിച്ചുള്ള മാദ്ധ്യമ വാർത്തകളെ തുടർന്ന് പൊതു മരാമത്ത് അധികൃതർ അപകട സ്ഥലങ്ങൾ സന്ദർശിക്കുകയും ഓടയുടെ ഭിത്തിക്ക് വീതി കൂട്ടി സ്ലാബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ഒരു കാര്യവും നടന്നില്ല.