തൊടുപുഴ: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ വിദ്യാർത്ഥി സമൂഹത്തിനെ ബോധവൽക്കരിക്കാൻ നവിന രീതികളുമായി തൊടുപുഴ ന്യൂമാൻ കോളേജ്. കോളേജിലെ കൊമേഴ്‌സ് സെൽഫ് ഫിനാൻസിങ് വിഭാഗം വ്യത്യസ്തമായ രീതിയിൽ ലഹരി വിരുദ്ധ സന്ദേശം നൽകി.
പുതുലഹരിക്ക് ഒരു വോട്ട് എന്ന പേരിൽ വ്യത്യസ്ഥമായ ലഹരിവിരുദ്ധ ക്യാമ്പയിൽ നടത്തി. ക്യൂ ആർ കോഡ് സങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ട പരിപാടിയിൽ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ വോട്ടുരേഖപ്പെടുത്തി. തികച്ചും സ്വാതന്ത്രമായി വ്യത്യസ്ഥ ലഹരികൾക്ക് വിദ്യാർത്ഥികൾ വോട്ട് ചെയ്തപ്പോൾ സൗഹൃദം, വായന, സാമൂഹികസേവനം, സിനിമ, കായികം, കലാ-സാസംസ്‌കാരികം എന്നിവ സാനാർത്ഥികളായി. വൻഭൂരിപക്ഷത്തോടെ സൗഹൃദം വിജയിച്ചപ്പോൾ ലഹരിപദാർത്ഥങ്ങൾക്ക് കെട്ടിവച്ച കാശ് നഷ്ടമായി. ലഹരി പദാർത്ഥങ്ങളെ ഉപേക്ഷിക്കുവാനുള്ള താൽപര്യം ഏറെ പ്രതിക്ഷ നൽകുന്നുവെന്ന് കോളേജ് പ്രിൻസിപ്പൽ ഡോ. ബിജിമോൾ തോമസ് അഭിപ്രായപ്പെട്ടു. സെൽഫ് ഫിനാൻസിങ് വിഭാഗം ഡയറക്ടർ ഫാ. ടോജിൻ കല്ലറക്കൽ, സെൽഫ് ഫിനാൻസിങ് വിഭാഗം മേധാവി ശോഭാ തോമസ്, ടീച്ചർ കോർഡിനേറ്റർ റിന്റു ജോസ്, സ്റ്റുഡന്റ് കോർഡിനേറ്റർ ആദിൽ സക്കീർ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.