പീരുമേട്: റോഡ് വികസനം വന്നതോടെ ആകെയുള്ള കിടപ്പാടം നഷ്ടമാകുന്ന സാഹചര്യത്തിലാണ് ഏലപ്പാറ ഒന്നാം മൈലിൽ താമസിക്കുന്ന കവിതാ ഭവനിൽ എസ് വിജയകുമാർ. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി മുൻവശത്തെ പാറ പൊട്ടിച്ചതോടെ വീട് വീണ്ടുകീറി. കൂടാതെ വീട്ടിലേക്കുള്ള വഴിയും ഇല്ലാതായി. കട്ടപ്പന കുട്ടിക്കാനം സംസ്ഥാന പാതയിൽ ഏലപ്പാറ ഒന്നാം മൈലിൽ നിന്ന് 15 മീറ്റർ ദൂരത്തിൽ റോഡിന് മുകൾ വശത്തായാണ് വിജയകുമാറിന്റെ വീട്. മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി വീടിന്റെ അടിഭാഗത്തെ പാറ പൊട്ടിച്ച് നീക്കിയതോടെയാണ് വീട് അപകടാവസ്ഥയിലായതെന്ന് വിജയകുമാർ പറഞ്ഞു. വീടിന്റെ ഭിത്തി വീണ്ടുകീറി അപകടാവസ്ഥയിലായി മാറി. അടുത്തിടെ മകൾ സ്‌കൂളിൽ നിന്ന് വരുന്ന വഴിക്ക് വീട്ടിലേക്ക് കയറുമ്പോൾ കാലു വഴുതി വീണ് പരിക്കേറ്റിരുന്നു. റോഡ് നിർമ്മാണത്തിനായി ആദ്യം പാറ പൊട്ടിച്ചപ്പോൾ തന്നെ കരാറുകാരനോട് വിവരം പറഞ്ഞിരുന്നു. ഈ സമയം കരാറുകാരൻ വീടും വീട്ടിലേക്കുള്ള വഴിയും നന്നാക്കി നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പണി കഴിഞ്ഞപ്പോൾ കരാറുകാരൻ വാക്ക് പാലിച്ചില്ല. തുടർന്ന് പൊതുമരാമത്ത്, താലൂക്ക്, ത്രിതല പഞ്ചായത്ത് തുടങ്ങിയ സ്ഥലങ്ങളിലെല്ലാം വിജയൻ പരാതികൾ നൽകി. എന്നാൽ ഇതുവരെ ഒരു ഫലവുമുണ്ടായില്ല.