roshy
കട്ടപ്പന റവന്യു ബ്ലോക്ക് ആരോഗ്യ മേള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

ഇടുക്കി പൊതുജന ആരോഗ്യമാണ് ഏറ്റവും പ്രധാനമെന്നും ആരോഗ്യ രംഗത്ത് സുസ്ഥിരമായ വികസനമാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന്റെയും കട്ടപ്പന നഗരസഭയുടെയും ഉപ്പുതറ സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും നേത്യത്വത്തിൽ കട്ടപ്പന സെന്റ് ജോർജ് സ്‌കൂളിൽ നടത്തിയ കട്ടപ്പന റവന്യൂ ബ്ലോക്ക് തല ആരോഗ്യ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കാൻ സർക്കാരിന് കഴിഞ്ഞു. മഹാമാരി ഘട്ടത്തിൽ ഏറ്റവും മികച്ച ചികിത്സ ഒരുക്കാനായി. താലൂക്ക് ആശുപത്രിയിൽ സൗകര്യങ്ങൾ വർദ്ധിച്ചു. കുടുംബാരോഗ്യ കേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ എണ്ണം വർദ്ധിച്ചു. പാലിയേറ്റിവ് സംവിധാനം മികച്ച രീതിയിൽ മുന്നോട്ടു കൊണ്ടുപോകുന്നു. ആരോഗ്യ മേഖല വളർച്ചയുടെ പാതയിലാണെന്നും മന്ത്രി പറഞ്ഞു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ടൗൺ ഹാൾ അങ്കണത്തിൽ നിന്ന് വൻ ജനാവലിയുടെ പങ്കാളിത്തത്തോടെ വിളംബര റാലിയോടെ മേളയ്ക്ക് തുടക്കമായി. 33 കേരള ബറ്റാലിയൻ കമാൻഡിങ് ഓഫീസർ കേണൽ എച്ച്. ഷുക്കൂർ റാലി ഫ്ലാഗ് ഓഫ് ചെയ്തു. വജ്ര ജൂബിലി കലാപരിശീലന പരിപാടിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർവഹിച്ചു. മേളയുടെ ഭാഗമായി ഒരുക്കിയിട്ടുള്ള സിഗ്നേച്ചർ ക്യാമ്പയിൻ നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം ഉദ്ഘാടനം ചെയ്തു. കുട്ടികൾക്ക് നേരെയുള്ള അതിക്രമം തടയൽ വിഷയത്തിൽ ഐ.സി.ഡി.എസ് സൈക്കോ സോഷ്യൽ കൗൺസിലർ സിനിമോൾ മാത്യു, ലഹരി ഉപയോഗവും ദൂഷ്യവശങ്ങളും എന്ന വിഷയത്തിൽ എക്‌സൈസ് വിമുക്തി നോഡൽ ഓഫീസർ സാബുമോൻ എം.സി എന്നിവർ സെമിനാറുകൾ നയിച്ചു.