തൊടുപുഴ: ചക്കകേക്ക് മുതൽ ചക്ക ഷേക്ക് വരെയുള്ള മുപ്പതോളം വിഭവങ്ങളുമായി കുമാരമംഗലത്ത് നടത്തിയ ചക്ക ഫെസ്റ്റ് വ്യത്യസ്ഥമായി. കുമാരമംഗലം ഗ്രാമപഞ്ചായത്ത് സി.ഡി.എസിന്റെ ആഭിമുഖ്യത്തിലാണ് ഫെസ്റ്റ് നടത്തിയത്. പഞ്ചായത്തിലെ രണ്ട്, ഏഴ് വാർഡുകളിലെ കുടുംബശ്രീ അംഗങ്ങൾ വീട്ടിൽ നിന്നും തയ്യാറാക്കി എത്തിച്ച വിഭവങ്ങളായിരുന്നു ഫെസ്റ്റിൽ സജ്ജീകരിച്ചത്. ചക്കക്കുരു ചമ്മന്തി, സമോസ, ബജി, പായസം, കേക്ക്, ക്രീം കേക്ക്, വട്ടയപ്പം, ചക്ക പുട്ട്, സുഖിയൻ, ചക്ക ഷേക്ക്, ചക്കക്കുരു ഷേക് എന്നിങ്ങനെ മുപ്പതോളം വിഭവങ്ങൾ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഫെസ്റ്റ് സന്ദർശിക്കാൻ നിരവധിയാളുകൾ എത്തിയിരുന്നു. ഇതോടൊപ്പം വിഭവങ്ങൾ തയ്യാറാക്കിയ വിധവും ചേരുവകകളും സന്ദർശിക്കാനെത്തിയവർക്ക് വിവരിച്ച് നൽകി. ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ചക്കഫെസ്റ്റ് പ്രസിഡന്റ് ഷെമീന നാസർ ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി തോമസ് അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്തംഗം ശരത് ബാബു, സി.ഡി.എസ് മെമ്പർമാരായ മിനി ജിജൻ, റജീന അനസ്, സതി രാജു, വി.ഇ.ഒമാരായ രശ്മി, ലെസീല, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.