ഇടുക്കി: കാലവർഷത്തിൽ ഇതുവരെ ഇടുക്കി അണക്കെട്ടിലേക്ക് ഒഴുകിയെത്തിയത് 210 കോടി വൈദ്യുതി ഉത്പാദിപ്പിക്കാൻ ആവശ്യമായ അധിക ജലം. ജൂൺ ഒന്നു മുതൽ ജൂലായ് 18 വരെയുള്ള കണക്കാണിത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഡാമിന്റെ വൃഷ്ടി പ്രദേശത്ത് ലഭിച്ച മഴ കുറവായിരുന്നു. എന്നാൽ മറ്റ് ചെറു ഡാമുകളിൽ നിന്നും അരുവികളിൽ നിന്നും മറ്റും കഴിഞ്ഞ വർഷത്തേതിനേക്കാൾ കൂടുതൽ ജലം അണക്കെട്ടിലേക്ക് ഒഴുകിയെത്തിയെന്ന് വൈദ്യുതി വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2019ൽ ഒരു മില്ലീ മീറ്റർ മഴ പെയ്യുമ്പോൾ 0.25 ദശലക്ഷം ഘന മീറ്റർ ജലമായിരുന്നു ഡാമിലേക്ക് ഒഴുകിയെത്തിയിരുന്നതെങ്കിൽ 2022ൽ ഇത് ഒരു മില്ലീമീറ്റർ മഴയ്ക്ക് 0.52 ദശലക്ഷം ഘനമീറ്ററായി വർദ്ധിച്ചു. 2021ൽ ജൂൺ ഒന്നു മുതൽ ജൂലായ് 18 വരെയുള്ള കാലയളവിൽ ഡാമിന്റെ വൃഷ്ടിപദ്ധതി പ്രദേശത്ത് ലഭിച്ചത് 105.63 സെന്റീ മീറ്റർ മഴയായിരുന്നു. ഒഴുകിയെത്തിയ വെള്ളമാകട്ടെ 519.53 ദശലക്ഷം ഘന മീറ്ററും. എന്നാൽ ഈ വർഷം മഴ കുറഞ്ഞെങ്കിലും സംഭരണിയിലേക്ക് ഒഴുകിയെത്തിയ വെള്ളത്തിന്റെ അളവിൽ വർദ്ധനയുണ്ടായി. ജൂൺ 18 വരെ 103.1 സെന്റി മീറ്റർ മഴ ലഭിച്ചപ്പോൾ തന്നെ 539.4 ദശലക്ഷം ഘന മീറ്റർ ജലം സംഭരണിയിലേക്ക് ഒഴുകിയെത്തി. ഇടുക്കി ഉൾപ്പെടെയുള്ള വൻകിട ഡാമുകളിലേക്ക് വിവിധ ചെറുകിട ഡാമുകളിൽ നിന്ന് മറ്റു ജലസ്രോതസുകളിൽ നിന്നുമുള്ള നീരൊഴുക്ക് സുഗമമാക്കിയാൽ കൂടുതൽ ജലം ഡാമിലേക്കെത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ജൂലായ് ഒന്നുമുതൽ വീണ്ടും മഴ സജീവമായതോടെ ദിവസങ്ങൾക്കുള്ളിൽ 30 അടിയിലധികം ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തിയത്. മഴ കുറഞ്ഞപ്പോഴും ഇത്തരത്തിൽ വെള്ളം കുതിച്ചുയർന്ന് കെ.എസ്.ഇ.ബി അധികൃതരെ പോലും ആശ്ചര്യപ്പെടുത്തിയിരുന്നു. ജില്ലയിൽ ഇന്നലെ വരെ മഴയിൽ 30 ശതമാനത്തിന്റെ കുറവുണ്ട്. സാധാരണായായി ഡാമിന്റെ വൃഷ്ടി പദ്ധതി പ്രദേശത്ത് ആഗസ്റ്റ്,​ സെപ്തംബർ മാസങ്ങളിലാണ് കൂടുതൽ മഴ ലഭിക്കാറുള്ളത്.