കുഞ്ചിത്തണ്ണി: ചെങ്കുളം ഡാമിന്റെ ക്യാച്ച്‌മെന്റ് ഏരിയയിലെ 216 ഏക്കർ യൂക്കാലി പ്ലാന്റേഷൻ റിസർവ് വനമാക്കി വനംവകുപ്പ് പ്രഖ്യാപിച്ചതോടെ മേഖലയിലെ നൂറുക്കണക്കിന് കുടുംബങ്ങൾ ആശങ്കയിൽ. വില്ലേജിലെ ഒമ്പത്, പത്ത് ബ്ലോക്കുകളിൽ ആകെ 468 ഏക്കർ ഭൂമിയാണുള്ളത്. 99ൽ ഈ ഭൂമി ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റിന് യൂക്കാലി നടുന്നതിനു വേണ്ടി കൊടുത്തിരുന്നതാണ്. റവന്യൂ ഭൂമിയാണെങ്കിലും വനംവകുപ്പിന്റെ പേരിലായിരുന്നു വാടകയ്ക്ക് കൊടുത്തത്. എന്നാൽ 2020 മാർച്ചിൽ ഇതിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്നാണ് വനം വകുപ്പ് ഭൂമിയിൽ പിടിമുറുക്കാനുള്ള ശ്രമമാരംഭിച്ചത്. ഇതിൽ 216 ഏക്കർ പ്ലാന്റേഷനാണ് ഇപ്പോൾ റിസർവ്വ് വനമേഖലയായി പ്രഖ്യാപിച്ചിരിക്കുന്നത്. ബാക്കി വരുന്ന 250 ഏക്കർ സ്വകാര്യ ഭൂമിയാണ്. കല്ലാർകുട്ടി, മാങ്കുളം പ്രദേശങ്ങളിൽ നിന്ന് കുടിയിറക്കപ്പെട്ടവർക്ക് നൽകിയ ഭൂമിയാണിത്. എന്നാൽ പുതിയ വിജ്ഞാപനം ഇറങ്ങിയതോടെ ഈ 250 ഏക്കർ പ്രദേശം കൂടി ഈ നിയമത്തിന്റെ പരിധിയിൽ വരുമെന്ന ആശങ്കയാണുള്ളത്. നിലവിലുള്ള ക്യാച്ച്‌മെന്റ് ഏരിയ അളക്കുന്ന മുറയ്ക്ക് 87.37 ഹെക്ടർ സ്ഥലം തികയാതെ വരുമെന്നാണ് വിലയിരുത്തൽ. ഈ സാഹചര്യത്തിൽ തൊട്ടടുത്തുള്ള ജനവാസ കേന്ദ്രത്തിലെ കർഷകരെ കുടിയിറക്കി വനഭൂമിയായി പ്രഖ്യാപനം നടത്താനുള്ള നീക്കമാണ് നടക്കുന്നത്. പദ്ധതി നടപ്പായാൽ 250 കുടുംബങ്ങൾ വഴിയാധാരമാകും. ജില്ലയിലെ വിവിധ ഇടങ്ങളിൽ മുമ്പ് റിസർവ് വനഭൂമിയായി പ്രഖ്യാപിച്ച പ്രദേശത്തിന്റെ സമീപത്ത് താമസിക്കുന്നവരെല്ലാം ഇന്നും ദുരിതം അനുഭവിക്കുകയാണ്. ഇതാണ് ഇവിടത്തുകാരെയും ഭീതിയിലാഴ്ത്തുന്നത്. റിസർവ് വനമായി പ്രഖ്യാപിച്ചിട്ടുള്ള ഭൂമിയുടെ അതിരിലോ, അളവിലോ വ്യത്യാസം വന്നാൽ ചേർന്ന് വരുന്ന സർവ്വേ നമ്പറുകളിൽപ്പെട്ടതോ, ബ്ലോക്കിൽ പെട്ടതോ ആയ ഒട്ടേറെകുടുംബങ്ങൾ ഇതിനുള്ളിൽ ഉൾപ്പെടാനുള്ള സാധ്യത കൂടുതലാണ്. അങ്ങനെ വന്നാൽ വനം, റവന്യൂ വകുപ്പുകൾ നടത്തുന്ന പരിശോധനകളും നടപടി ക്രമങ്ങളും പൂർത്തിയാക്കി അതിര് ഉറപ്പിക്കുന്നതു വരെ ഭൂമിയുമായി ബന്ധപ്പെട്ട ക്രയവിക്രയമടക്കം എല്ലാം മരവിപ്പിക്കപ്പെടും. ഇത്തരം കുടുംബങ്ങൾ പിന്നീട് സെറ്റിൽമെന്റ് ഓഫീസറായി നിയമിക്കപ്പെടുന്ന അധികാരി മുമ്പാകെ ഭൂമിയിലുള്ള അവകാശം തെളിയിക്കുന്ന രേഖകൾ സഹിതം അപേക്ഷ നൽകേണ്ടി വരും. ഈ നടപടികൾ അനന്തമായി നീളും. ഭൂമിയുടെ കൈമാറ്റം നിലയ്ക്കും. ബാങ്കിൽ നിന്ന് വായ്പ പോലും കിട്ടില്ല. ബഫർ സോണുമായി ബന്ധപ്പെട്ട് മേഖലയിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടുന്നതിനിടയിലാണ് ചെങ്കുളം ഭൂപ്രശ്‌നവും കത്തിക്കയറുന്നത്.
മുമ്പ് പ്റഖ്യാപിച്ചതിന്റെ ദുരിതങ്ങൾ
2003 ൽ മതികെട്ടാൻചോല വിജ്ഞാപനം ചെയ്യപ്പെട്ടപ്പോൾ 150 കർഷകരുടെ കൈവശം രാജാവിന്റെ ചെമ്പ് പട്ടയം ഉണ്ടായിരുന്നു. ഈ ഭൂ ഉടമകളുടെ പ്രശ്നത്തിന് ഇന്നും പരിഹാരമായിട്ടില്ല. 2007ൽ വട്ടവട വില്ലേജിലെ യൂക്കാലി പ്ലാന്റേഷൻ കുറിഞ്ഞി സങ്കേതമാക്കി. എന്നാൽ അന്നത്തെ വിജ്ഞാപനത്തിൽ പറയാത്ത 2500 ഏക്കർ ഉൾപ്പെടെ 4000 ഏക്കർ ഭൂമിയും ഒട്ടേറെ സ്ഥാപനങ്ങളും ഗ്രാമങ്ങളും ഇന്നും ഭൂപ്രശ്‌നത്തിന്റെ നടുവിലാണ്. മാങ്കുളം വില്ലേജിലെ ഭൂപ്രശ്‌നവും വ്യത്യസ്തമല്ല. ഇവിടെയും ഭൂഉടമകൾ ദുരിതം അനുഭവിക്കുന്നു. ഇടുക്കിയിലെ ഏഴ് വില്ലേജുകളിൽ പരിസ്ഥിതി ലോല മേഖലയുടെ പേരിൽ വർഷങ്ങളായി ദുരിതത്തിലാണ്.