കട്ടപ്പന: സാംസ്‌കാരിക വകുപ്പ് വജ്ര ജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ജില്ലാതല ഉദ്ഘാടനം കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ.ഫിലിപ്പ് ഉദ്ഘാടന കർമം നിർവഹിച്ചു. പ്രായഭേദമെന്യേ സൗജന്യമായി കല പരിശീലിപ്പിക്കുകയും യുവ കലാകാരൻമാരെ ഫെല്ലോഷിപ്പ് നൽകി പരിപോഷിപ്പിക്കുകയും ചെയ്യുന്ന സർക്കാരിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതി ഏറെ മഹത്വരമാണെന്ന് ജിജി.കെ.ഫിലിപ്പ് പറഞ്ഞു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം, ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിൻസൺ വർക്കി, കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ട്, സാംസ്‌കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ എന്നിവർ പ്രസംഗിച്ചു.ഫെല്ലോഷിപ്പ് ലഭിച്ച കലാ അധ്യാപകർക്കുള്ള സാംസ്‌കാരിക വകുപ്പിന്റെ തിരിച്ചറിയൽ കാർഡുകളുടെ വിതരണ ഉദ്ഘാടനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസുകുട്ടി കണ്ണമുണ്ടയിൽ നിർവഹിച്ചു.സംഗീത ദിനത്തോടനുബന്ധിച്ച് നടത്തിയ മത്സരത്തിൽ വിജയികളായ ആൽഫി ജിബിൻ, സി.റ്റി ഗീത, കെ.എസ് ശിവദർശന എന്നിവർക്ക് നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സാംസ്‌കാരിക റാലിയും കലാപരിപാടികളും നടന്നു. ഹരിത കലാമണ്ഡലം, ടി.ആർ സൂര്യദാസ്, ശരത് കലാമണ്ഡലം, രാജേഷ് ലാൽ എന്നിവർ നേതൃത്വം നൽകി.