തൊടുപുഴ: ജലസ്രോതസുകളുടെ പുനരുജ്ജീവനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന 'ഇനി ഞാനൊഴുകട്ടെ" പദ്ധതിയിലൂടെ ജില്ല വീണ്ടെടുത്തത് 320.3 കിലോമീറ്റർ നീർച്ചാലുകൾ. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തതോടെ തോടുകൾ, നീർച്ചാലുകൾ തുടങ്ങിയവയിൽ അടിഞ്ഞു കൂടിയ മാലിന്യം നീക്കം ചെയ്ത് സ്വാഭാവിക ഒഴുക്ക് സാധ്യമാക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങളോടെയാണ് ജല സ്രോതസുകൾ വീണ്ടെടുക്കാനായത്. പദ്ധതിയിലൂടെ 303 ജലാശയങ്ങൾ ശുചീകരിച്ചു. പ്രാദേശിക അടിസ്ഥാനത്തിൽ നീർച്ചാലുകൾ വീണ്ടെടുക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് 'ഇനി ഞാനൊഴുകട്ടെ" ക്യാമ്പയിൻ ആരംഭിച്ചത്. ജലസ്രോതസുകളുടെ സ്വാഭാവിക ഒഴുക്ക് പുനഃസ്ഥാപിക്കുന്നതിലൂടെ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ പോലുള്ളവ തടയുകയാണ് ലക്ഷ്യം. കാലവർഷത്തിൽ പെയ്ത മഴയിൽ വെള്ളക്കെട്ടിന്റെ രൂക്ഷത കുറയ്ക്കുന്നതിനടക്കം ഇത് സഹായകമായതായാണ് വിലയിരുത്തൽ. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും സ്വാഭാവിക ഒഴുക്ക് നഷ്ടമായ ജലാശയങ്ങൾ കണ്ടെത്തിയാണ് 'ഇനി ഞാൻ ഒഴുകട്ടെ പദ്ധതി" പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. നീർച്ചാലുകൾ കടന്നുപോകുന്ന വാർഡുകളിൽ പ്രത്യേക സംഘാടക സമിതി രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വീണ്ടും മലിനീകരണം നടക്കാതിരിക്കുന്നതിനുള്ള പ്രതിരോധ പ്രവർത്തനങ്ങളും ബോധവത്കരണവും പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്നു.
തദ്ദേശഭരണസ്ഥാപനങ്ങളുടെയും തൊഴിലുറപ്പ് പദ്ധതിയുടെയും ജലസേചന വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പയിൻ പുരോഗമിക്കുന്നത്.
മൂന്നാം ഘട്ടത്തിൽ ശുചീകരിച്ചവ
ഇളംദേശം ബ്ലോക്കിൽ കരിമണ്ണൂർ തോട്, ഉടുമ്പന്നൂരിലെ ആൾക്കല്ല് തോട്, കോടിക്കുളം വലിയ തോട്, വെള്ളിയാമറ്റം- ഞരളമ്പുഴ തോട്, ആലക്കോട്- പന്നിമറ്റം- ചവർണ തോട്, ഇടുക്കി ബ്ലോക്കിൽ കാമാക്ഷി- അമ്പലവയൽ തോട്, പാറക്കടവ് തോട്, തങ്കമണി കോളനി റോഡ്, തങ്കമണി- പാറക്കടവ് റോഡ്, തൊടുപുഴയിൽ കുമാരമംഗലം- വെട്ടിക്കുഴി പാടം റോഡ്, പുറപ്പുഴ- മാറിക താട്, മുട്ടം- തച്ചിലംകുന്ന് ഭാഗം തോട്, ഇടവെട്ടി- നടയം റോഡ്, പുൽപറമ്പിൽ പാടശേഖരം റോഡ്, ദേവികുളത്ത് മൂന്നാർ- മുതിരപ്പുഴയാർ, മാങ്കുളത്ത് മാങ്കുളം ആറ്, അടിമാലി ബ്ലോക്കിൽ ബൈസൺവാലിയിൽ കാക്കാക്കട- ചൊക്രമുടി തോട്, നെടുങ്കണ്ടം ബ്ലോക്കിൽ കരുണാപുരം- പാറക്കട കൂട്ടാർ റോഡ്, കരുണാഭാഗം തോട്, രാജാക്കാട്- പഴയവിടുതി തോട്, അടിവാരം ബൈപാസ് തോട്.
''തദ്ദേശ സ്ഥാപനങ്ങളും സർക്കാർ വകുപ്പുകളും കൊകോർത്താൽ വലിയ മാറ്റമുണ്ടാക്കാനാകുമെന്നതിന് തെളിവാണ് 'ഇനി ഞാനൊഴുകട്ടെ' പദ്ധതി. നീർച്ചാലുകളുടെ ഒഴുക്ക് സുഗമമാക്കുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ ഫലം കണ്ടുവെന്നത് നിസ്തർക്കമാണ്. പുഴകൾക്ക് അവരുടെ സ്ഥലം നഷ്ടപ്പെടുമ്പോഴാണ് അവർ നമ്മുടെ ഇടത്തേയ്ക്ക് ഒഴുകുന്നത്. ഇക്കൊല്ലം ഇതുവരെയും ഇത്തരം സംഭവങ്ങളുണ്ടാകാത്തത് 'ഇനി ഞാനൊഴുകട്ടെ" പദ്ധതിയുടെ വിജയം തന്നെയാണ്.""
-പി. രമേശ്
ജില്ലാ കോ-ഓർഡിനേറ്റർ (നവകേരള മിഷൻ)