നെടുങ്കണ്ടം: പാമ്പാടുംപാറയിൽ അജ്ഞാത ജീവി ആടിനെ കടിച്ചുകൊന്ന് തിന്നു. തെക്കേക്കുരിശുമല ആനന്ദഭവനിൽ പ്രഭുവിന്റെ വീട്ടിൽ വളർത്തിയിരുന്ന രണ്ട് ആടുകളിൽ ഒന്നിനെയാണ് കടിച്ചുകൊന്നത്. വീട്ടിലെതന്നെ മറ്റൊരു ആടിനെ കാണാതാകുകയും ചെയ്തു. ഇന്നലെ പുലർച്ചെ വീട്ടുകാർ ആട്ടിൻകൂട്ടിൽ എത്തിയപ്പോഴാണ് സമീപത്തായി ആടിനെ ചത്തനിലയിൽ കണ്ടത്. ആടിന്റെ തൊലി ഒഴികെ ബാക്കിഭാഗങ്ങൾ പൂർണമായും തിന്ന നിലയിലായിരുന്നു. കൂടിന് സമീപത്തായി പുലിയുടേതിന് സമാനമായ കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ അറിയിച്ചതനുസരിച്ച് ഫോറസ്റ്റ് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കണ്ടെത്തിയ കാൽപ്പാടുകൾ പൂച്ചപ്പുലിയുടേതാണെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥിതീകരിച്ചു. പാമ്പാടുംപാറയിലെ എസ്റ്റേറ്റ് തൊഴിലാളിയായ പ്രഭു ലയത്തിൽ ഉണ്ടായിരുന്ന കൂട്ടിലാണ് ആടുകളെ വളർത്തിയിരുന്നത്. വെള്ളിയാഴ്ച വൈകുന്നേരം ആടിന് തീറ്റ നൽകിയിരുന്നു. രാത്രി മറ്റ് ശബ്ദങ്ങളൊന്നും കേട്ടിരുന്നില്ലെന്ന് വീട്ടുകാർ പറഞ്ഞു. കാണാതായ ആടിനെ പരിസരത്ത് തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല. ആടിനെ കൊന്നത് പുലിയാണെന്ന അഭ്യൂഹം പരന്നത് നാട്ടുകാരിൽ പരിഭ്രാന്തിക്ക് കാരണമായിട്ടുണ്ട്. ലയത്തിന് സമീപമായി കാമറ സ്ഥാപിച്ച് ജീവിയെ കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചു.