തൊടുപുഴ: നിത്യാപയോഗ സാധനങ്ങൾക്ക് വില കുതിച്ചുയരുമ്പോൾ അതിനൊക്കെ അപവാദം പോലെ ഇതാ ചിക്കൻവില താഴോട്ട്. ഏപ്രിൽ മേയ് മാസങ്ങളിൽ കിലോയ്ക്ക് നൂറ്റമ്പത് എന്ന നിലയിൽ തുടർന്ന വിലയാണ് ഇപ്പോൾ നൂറിൽതാഴെ എത്തി നിൽക്കുന്നത്. ജൂൺമാസം നേരിയ കുറവേ ഉണ്ടായിരുന്നുള്ളു. ജില്ലയിൽ പലയിടത്തും കഴിഞ്ഞ രണ്ട് ദിവസമായി 95 രൂപയ്ക്കാണ് ചില്ലറ വിൽപ്പന നടന്നത്.
കർക്കടകമാസമായതോടെയാണ് വിലയിൽ വലിയ വ്യത്യാസം ഉണ്ടായത്. കല്യാണവും മറ്റ് ആഘോഷങ്ങളും തീരെ ഇല്ളാതായി. വിവാഹ സൽക്കാരങ്ങളിലെ ഇഷ്ടവിഭവം എന്നനിലയിൽ തിളങ്ങി നിൽക്കുന്ന ചിക്കന് ഇതോടെ ഡിമാന്റ് കുറഞ്ഞു. മഴക്കാലം അതും പെരുമഴ പെയ്യുന്ന കാലം കൂടിയായപ്പോൾ ഹോട്ടലുകളിലും കച്ചവടം കുറഞ്ഞു. കോഴികൾക്ക് അസുഖം വന്നാൽ വലിയ നഷ്ടം ഉണ്ടാകുമെന്നതും വില കൂടും വരെ തീറ്റിപ്പോറ്റി വളർത്തിയാൽ കൈപൊള്ളമെന്നതിനാൽ വിലക്കുറവൊന്നും കണക്കാക്കാതെ ഫാമുകളിൽ നിന്ന് കോഴികളെ വിൽപ്പന നടത്തിഒഴിവാക്കുകയാണ്. വില വലിയ തോതിൽ കുറയുന്നത് തിരിച്ചടിയാണെന്ന് ഫാം നടത്തിപ്പുകാർ പറയുന്നു. തീറ്റയും മറ്റു ചെലവുകളും കണക്കിലെടുത്താൽ വിപണിയിൽ ഒറ്റയടിക്കുണ്ടാകുന്ന വില മാറ്റം പ്രതിസന്ധിയുണ്ടാക്കുമെന്ന് അവർ പറയുന്നു.
എങ്ങനെ കുറയ്ക്കാൻ
ചിക്കന് വില വലിയ തോതിൽ കുറയുമ്പോഴും ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങളുടെ വില പഴയപടി തന്നെയാണ്. ചിക്കൻ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന് അനുസരിച്ച് വിഭവങ്ങളുടെ വിലയിൽ മാറ്റം വരുത്താറില്ല. ഗ്യാസിനും പലചരക്ക് സാധനങ്ങൾക്കുമെല്ലാം വില വർദ്ധിച്ചതും കൂടി കണക്കിലെടുത്ത് വില അങ്ങനെ തന്നെ നിൽക്കുകയാണ്.
ഓണത്തിന് കുതിച്ചുയരുമോ
ഓണക്കാലത്തുണ്ടാകാൻ ഇടയുള്ള വിലക്കയറ്റത്തിന് മുമ്പുള്ള പതുങ്ങലായി കാണുന്നവരുമുണ്ട്. പ്രാദേശികമായി സംസ്ഥാനത്ത് ഫാമുകൾ സജീവമായതോടെ അന്യസംസ്ഥാന മൊത്ത കച്ചവടക്കാരുടെ അതിരുവിട്ട നിലപാടുകൾ കുറയ്ക്കാൻ സാധിച്ചിട്ടുണ്ട്. വില കുറച്ചും കൂട്ടിയും സംസ്ഥാനത്തെ സംരംഭങ്ങളെ സമ്മർദ്ദത്തിലാക്കാനുള്ള മൊത്തക്കച്ചവടക്കാരുടെ ഇടപെടലുകൾ ഇപ്പോഴത്തെ വിലയിലെ വലിയ കുറവിന് പിന്നിലുണ്ടോ എന്ന സംശയവും ചില ചില്ലറ വിൽപ്പനക്കാർ പ്രകടിപ്പിക്കുന്നുണ്ട്.