idavetty
ഇടവെട്ടി ഔഷധസേവയുടെ പന്തൽ കാൽനാട്ടൽ കർമ്മം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ നിർവ്വഹിക്കുന്നു. ക്ഷേത്രം മേൽശാന്തി ഹരിനാരായണൻ നമ്പൂതിരി ,ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ സമീപം

തൊടുപുഴ: കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി ചടങ്ങ് മാത്രമായി നടത്തിയിരുന്ന ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ചരിത്രപ്രസിദ്ധമായ ഔഷധസേവ ഇത്തവണ ആഗസ്റ്റ് ഒന്നിന് വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. ആഗസ്റ്റ് ഒന്നിന് രാവിലെ അഞ്ച് മുതൽ ഒന്ന് വരെയാണ് ഔഷധ സേവ. ഇന്നലെ ക്ഷേത്രത്തിൽ നടന്ന പന്തൽ കാൽനാട്ടൽ കർമ്മം ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി. നായർ നിർവ്വഹിച്ചു. ക്ഷേത്രം മേൽശാന്തി ഹരിനാരായണൻ നമ്പൂതിരി, ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കാളികളായി. ഔഷധ സേവയുടെ വിപുലമായ ക്രമീകരണങ്ങൾക്കായി 251 അംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. പബ്ലിസിറ്റി, വഴിപാട് കൗണ്ടർ, ഔഷധ വിതരണം, ഔഷധ കഞ്ഞി, പ്രസാദ നിർമാണം, ഗതാഗതം തുടങ്ങി വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തനങ്ങളും നടന്ന് വരികയാണ്. ഭഗവാന് നിവേദിച്ച് ഔഷധത്തിൽ ചേർക്കാനുള്ള വെണ്ണ വാഴൂർ ശ്രീ തീർഥ പാദാശ്രമത്തിൽ നിന്ന് 31ന് ഘോഷയാത്രയായി ക്ഷേത്രത്തിൽ എത്തിക്കും. ഇത്തവണ മുൻ വർഷങ്ങളിലേതിനേക്കാൾ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഔഷധസേവയ്ക്ക് എത്തിച്ചേരുന്ന മുഴുവൻ ഭക്തജനങ്ങൾക്കും സുഗമമായി ഒരു ബുദ്ധിമുട്ടും കൂടാതെ ഔഷധം സേവിച്ച് മടങ്ങാനുള്ള കൂടുതൽ ക്രമീകരണങ്ങൾ ഒരുക്കുമെന്ന് ജന. കൺവീനർ സുധീർ പുളിക്കൽ, ക്ഷേത്രം പ്രസിഡന്റ് വി.ബി. ജയൻ, സെക്രട്ടറി സിജു ബി. പിള്ള, സഹ രക്ഷാധികാരി എം.ആർ. ജയകുമാർ, ഖജാൻജി എം.എൻ. രവീന്ദ്രൻ എന്നിവർ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ സംഘാടകർക്കായി ഭക്ഷ്യസുരക്ഷയെക്കുറിച്ചും കൊവിഡ് മാനദണ്ഡങ്ങളെക്കുറിച്ചും ബോധവത്കരണ ക്ലാസ് നടത്തി.


ഔഷധസേവയുടെ പ്രത്യേകത

രോഗസാദ്ധ്യതയേറെയുള്ള കർക്കടക മാസത്തിലെ മധ്യ ദിനത്തിൽ, ധന്വന്തരീ സവിധത്തിലിരുന്ന് പ്രാർത്ഥനയോടെ, ക്ഷേത്രത്തിൽ നിന്ന് നൽകുന്ന ഔഷധം സേവിക്കുന്നതാണ് ഔഷധസേവ. ഔഷധം സേവിച്ച് ഭഗവൽ ദർശനവും തീർഥസേവയും നടത്തി തുടർന്ന് ഔഷധക്കഞ്ഞി കൂടി കഴിച്ചാണ് ചടങ്ങ് പൂർത്തീകരിക്കുന്നത്. ഔഷധസൂക്തം ജപിച്ച് ഔഷധം ചൈതന്യവത്താക്കുന്ന ചടങ്ങുകൾ 31ന് വൈകിട്ട് ആരംഭിക്കും.

ഒരു നേരത്തെ ഔഷധ സേവയിലൂടെ രോഗ പ്രതിരോധ ശക്തി വർദ്ധിക്കുകയും രോഗശമനം ലഭിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കേരളത്തിന് പുറമേ തമിഴ്‌നാട്, കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുവരെ ഭക്തർ ഔഷധ സേവയിൽ പങ്കെടുക്കാൻ എത്താറുണ്ട്.