മൂന്നാർ: കേരളത്തിലെ ഏക ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിലേക്കുള്ള വനപാതയിലെ ചപ്പാത്ത് മണ്ണിടിച്ചിലിൽ തകർന്ന് മൂന്നാഴ്ച കഴിഞ്ഞിട്ടും നന്നാക്കാത്തതിനെ തുടർന്ന് ഇവിടേക്കുള്ള റേഷൻ വിതരണം നിലച്ചു. മൂന്നാഴ്ച മുമ്പുണ്ടായ ശക്തമായ മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിലാണ് ഒരു കിലോമീറ്ററോളം ഭാഗത്ത് മൂന്നിടത്തായി റോഡ് തകർന്നത്. പെട്ടിമുടിയിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ വലിയതോട് പാലത്തിന് സമീപത്തെ ചപ്പാത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. തുടർന്ന് ഇടമലക്കുടിയിലേക്ക് കാൽനടയായല്ലാതെ സഞ്ചരിക്കാനാകാത്ത സ്ഥിതിയാണ്. കുടിയിലെ റേഷൻ കടയിൽ ഒരു മാസം മുമ്പെത്തിച്ച ഭക്ഷ്യസാധനങ്ങളാണ് സ്റ്റോക്കുള്ളത്. ഏതാനും ആഴ്ചകൾക്ക് കൂടി കഴിഞ്ഞാൽ ഇത് തീരും. അതിനകം റോഡ് ശരിയാക്കിയില്ലെങ്കിൽ ഇവിടത്തുകാർ പട്ടിണിയിലാകും. കഴിഞ്ഞ ദിവസം കുടിയിലെ ഒരു ഹൃദ്രോഗിയെ രോഗം മൂർച്ഛിച്ചതിനെ തുടർന്ന് വലിയ ബുദ്ധിമുട്ടിയാണ് കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ചത്. റോഡ് തകർന്ന് കിടക്കുന്നയിടം വരെ വാഹനത്തിലെത്തിച്ചശേഷം ഒരു കിലോ മീറ്ററോളം രോഗിയെ കാട്ടിലൂടെ ചുമക്കേണ്ടി വന്നു. ഇതിന് ശേഷം വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. മഴയുടെ ശക്തി കുറഞ്ഞ ഈ സമയത്തെങ്കിലും കല്ലും മണ്ണും മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചില്ലെങ്കിൽ ഇടമലക്കുടിക്കാർ ദുരിതത്തിലാകും. റോഡ് കടന്നുപോകുന്നത് വനഭൂമിയിലൂടെ ആയതിനാൽ മണ്ണ് നീക്കം ചെയ്യുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കേണ്ടത് വനംവകുപ്പാണ്. ഗതാഗതം പുനഃസ്ഥാപിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും വനംവകുപ്പ് അനങ്ങിയിട്ടില്ല.
കാട്ടിലൂടെ ആറ് മണിക്കൂർ
മൂന്നാറിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള ഇടമലക്കുടിയിലെത്താൻ 6 മണിക്കൂറോളം കൊടുംകാട്ടിലൂടെ സഞ്ചരിക്കണം. പെട്ടിമുടിയിൽ നിന്ന് 12 കിലോ മീറ്ററോളം വഴി മോശമായതിനാൽ യാത്ര ദുർഘടമാണ്. ഒരു കുടിയിൽ നിന്ന് അടുത്ത കുടിയിലെത്താൻ 12 മണിക്കൂർ നടക്കണം.
'തകർന്ന ചപ്പാത്ത് മൂന്ന് ദിവസത്തിനകം ശരിയാക്കി ഗതാഗതം സുഗമമാക്കും. നിലവിൽ റേഷൻ പ്രതിസന്ധിയില്ല. താലൂക്ക് സപ്ലൈ ഓഫീസർ കുടികളിൽ സന്ദർശനം നടത്തിയിരുന്നു."
-മൂന്നാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർ