തൊടുപുഴ: ഇനി കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലെത്തുന്നവർക്ക് ഡിപ്പോയിൽ നിന്ന് തന്നെ പച്ചക്കറിയും വാങ്ങി വീട്ടിൽ പോകാം. ഓണത്തോടനുബന്ധിച്ച് നാട്ടിലെങ്ങും തലപൊക്കുന്ന പച്ചക്കറി ചന്തകൾക്ക് സമാനമായി ഓണച്ചന്ത ആരംഭിച്ച് വരുമാനം വർദ്ധിപ്പിക്കാനാണ് കെ.എസ്.ആർ.ടി.സിയുടെ പദ്ധതി. ചന്തകൾ നടത്താൻ താത്പര്യമുള്ള സഹകരണ സ്ഥാപനങ്ങൾക്കും സ്വകാര്യ വ്യക്തികൾക്കും അപേക്ഷ നൽകാം. പ്രതിദിന വാടക ഉൾപ്പെടെ വ്യക്തമാക്കി വേണം അപേക്ഷ സമർപ്പിക്കാൻ. ഡിപ്പോകളിൽ ഒഴിഞ്ഞുകിടക്കുന്ന മുറികളും സ്റ്റാളുകളുമാണ് വിട്ടുകൊടുക്കുക. ജില്ലയിലെ പല ഡിപ്പോകളിലും ഒന്നോ രണ്ടോ മുറികൾ വീതം ഒഴിഞ്ഞുക്കിടപ്പുണ്ട്. അപേക്ഷകരിൽ നിന്ന് വാടകത്തുക ഉൾപ്പെടെയുള്ള പ്രൊപ്പോസൽ വാങ്ങി കോർപ്പറേഷന്റെ എസ്റ്റേറ്റ് ഓഫീസർക്ക് സമർപ്പിക്കേണ്ട ചുമതല അതത് സ്റ്റേഷൻ ഓഫീസർമാർക്കാണ്. കൂടുതൽ പേർ ഒരേമുറി ആവശ്യപ്പെട്ടാൽ വാടക കൂടുതൽ നൽകുന്നവർക്ക് കൈമാറും. ആളുകളുടെ ശ്രദ്ധ ലഭിക്കുന്ന മുറിയോ സ്റ്റാളോ ലഭിക്കുന്നതിനാവും കച്ചവടക്കാർ പ്രൊപ്പോസലിൽ പ്രാധാന്യം നൽകുക. സീസൺ വിപണി മാത്രം ലക്ഷ്യമിട്ട് കച്ചവടം നടത്തുന്നവർക്കും മികച്ച അവസരമായിരിക്കും ഇത്. ഓണച്ചന്ത നടത്താൻ താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കാൻ മാർക്കറ്റിംഗ് എക്‌സിക്യൂട്ടീവുമാരുടെ സേവനം ഉപയോഗപ്പെടുത്തും. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഓണച്ചന്ത ഉപകാരപ്പെടും. ജനത്തിരക്കേറിയ സ്ഥലമെന്ന പ്രയോജനം കച്ചവടക്കാർക്കും ലഭിക്കും. ടിക്കറ്റിതര വരുമാനം ലക്ഷ്യമിട്ട് ആരംഭിച്ച ബഡ്ജറ്റ് ടൂറിസം ഹിറ്റായതിന് പിന്നാലെയാണ് ഓണം സീസൺ ലക്ഷ്യമിട്ടുള്ള പദ്ധതി.

വർഷങ്ങൾക്ക് ശേഷം തിരിച്ചുവരവ്

വർഷങ്ങൾക്ക് മുമ്പ് ചില കെ.എസ്.ആർ.ടി.സി ഡിപ്പോകൾ കേന്ദ്രീകരിച്ച് ഓണച്ചന്തകൾ പ്രവർത്തിച്ചിരുന്നു. മുമ്പ് കോ- ഓപ്പറേറ്റീവ് സൊസൈറ്റികൾ ബസ് ഡിപ്പോകളിൽ രണ്ടാഴ്ച നീണ്ടു നിൽക്കുന്ന താത്കാലിക ചന്തകൾ ഒരുക്കിയിരുന്നു. കൂടുതൽ യാത്രക്കാരെത്തുന്ന സ്ഥലമെന്നതിനാൽ മികച്ച വിപണിയും ലഭിച്ചിരുന്നു.

'ഓണച്ചന്ത നടത്താൻ സഹകരണ സൊസൈറ്റികളെയാണ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നത്. കൂടുതൽ പേർ വന്നാൽ ടെൻഡർ വിളിച്ചു നൽകേണ്ടി വരും. തൊടുപുഴയിലെ പുതിയ ടെർമിനലിൽ നിരവധി മുറികൾ ഒഴിഞ്ഞുക്കിടപ്പുണ്ട്. നിലവിൽ മുകളിലുള്ള മുറി വിട്ടുകൊടുക്കാനാണ് തീരുമാനം"

-എ. അജിത് (ഡി.ടി.ഒ)