raman

തൊടുപുഴ: ദ്രൗപദി മുർമു രാഷ്ട്രപതിയായതോടെ , സ്വന്തം കുടുംബത്തിൽ നിന്ന് ഒരാൾ ആ പദവിയിലെത്തിയെന്നാണ് 82കാരനായ പുന്നക്കൽ രാമനും ഭാര്യ കമലാക്ഷിയും (72) പറയുന്നത്.

ഈ പ്രായത്തിനിടെ വന്നുപോയ സ്വതന്ത്ര ഇന്ത്യയിലെ 14 രാഷ്ട്രപതിമാരെക്കുറിച്ചൊന്നും ഇരുവർക്കും പിടിപാടൊന്നുമില്ല. പക്ഷേ, ദ്രൗപതി മുർമു തങ്ങളിലൊരുവളാണെന്ന് പറഞ്ഞറിഞ്ഞത് മുതൽ ഇവർ ആഹ്ലാദത്തിലാണ്.

മുർമുവിന്റെ അധികാരമേൽക്കൽ ഇവർക്കൊപ്പം അറക്കുളം ഗ്രാമപഞ്ചായത്തിലെ പതിപള്ളി വാർഡിലുള്ളവർ ഒന്നാകെ ആഘോഷമാക്കി. 98 ശതമാനവും ആദിവാസികളാണ് ഈ വാർഡിൽ. അഞ്ച് ഊരുക്കൂട്ടങ്ങൾ ചേർന്ന് മേമുട്ടത്തായിരുന്നു ആഘോഷം. എല്ലാവർക്കും മധുര പലഹാരങ്ങളും പായസവും നൽകി. കപ്പ, ചേമ്പ് തുടങ്ങിയ നാടൻ വിഭവങ്ങളും വിളമ്പി. നാടൻ പാട്ടും ചെണ്ടമേളവുമടക്കമുള്ള താളമേളങ്ങളുമുണ്ടായിരുന്നു. മുർമുവിന്റെ ചിത്രമടങ്ങിയ പ്ലക്കാർഡേന്തി രാമനും കമലാക്ഷിയും ആഘോഷത്തിന് മുൻപന്തിയിലുണ്ടായിരുന്നു. പ്രദേശത്തെ റോഡിന് ദ്രൗപതി മുർമുവിന്റെ പേര് നൽകാനും പ്രദേശവാസികൾ ആലോചിക്കുന്നുണ്ട്.

ദ്രൗപതി മുർമുവിന്റെ സത്യ പ്രതിജ്ഞാ ചടങ്ങ് ദക്ഷിണേന്ത്യയിലെ ഏക ഗോത്രവർഗ്ഗ രാജാവായ കട്ടപ്പന കോവിൽമല രാമൻ രാജമന്നാന്റെ വസതിയിൽ തൽസമയം കാണാൻ വലിയ സ്ക്രീൻ സജ്ജമാക്കിയിരുന്നു.