
• തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് എൽ ഡി എഫ്
• സ്റ്റാൻഡിംഗ് കമ്മറ്റി അംഗത്തിന്റെ അപ്രതീക്ഷിത രാജി വിവാദത്തിൽ
കട്ടപ്പന :നഗരസഭയുടെ പുതിയ അദ്ധ്യക്ഷയായി യു ഡി എഫിലെ ഷൈനി സണ്ണിയെ തിരഞ്ഞെടുത്തു.എതിരില്ലാതെയായിരുന്നു ഷൈനി അദ്ധ്യക്ഷസ്ഥാനത്തെത്തിയത്.മുന്നണി ധാരണപ്രകാരം ബീനാജോബി രാജി വച്ചതിനെ തുടർന്നാണ് അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.തിങ്കളാഴ്ച്ച രാവിലെ 11 ന് കൗൺസിൽ ഹാളിൽ നടന്ന തിരഞ്ഞെടുപ്പിൽ മൂന്നാർ ഡെപ്യൂട്ടി കളക്ടർ(എൽ എ )കെ.പി ദീപ വരണാധികാരായിരുന്നു.അതേ സമയം എൽ ഡി എഫ് തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങി പോയി.ബി ജെ പി അംഗങ്ങൾ വോട്ടെടുപ്പ് നടന്ന ഹാളിൽ തുടർന്ന് നിക്ഷ്പക്ഷ നിലപാട് സ്വീകരിച്ചു.
യു.ഡി.എഫ് അധികാരത്തിൽ വന്നതിനെ തുടർന്ന് ഐ വിഭാഗത്തിന് ആദ്യ മൂന്ന് വർഷത്തേയ്ക്കാണ് ചെയർപേഴ്‌സൺ സ്ഥാനം നൽകിയത്.ആദ്യ ഒന്നര വർഷം ബീന ജോബി കാലാവധി പൂർത്തിയാക്കുകയും ചെയ്തു. ഇനിയുള്ള ഒന്നര വർഷക്കാലം ഷൈനി സണ്ണിയും തുടർന്നുള്ള രണ്ട് വർഷം എ ഗ്രൂപ്പിലെ ബീനാ ടോമിയും നഗരസഭയെ നയിക്കും.കട്ടപ്പനയുടെ സമഗ്ര വികസനം എല്ലാവരെയും ചേർത്ത് നിർത്തി നടപ്പാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ഷൈനി സണ്ണി പറഞ്ഞു.യു .ഡി .എഫിലെ മുതിർന്ന നേതാക്കളടക്കം പുതിയ ചെയർപേഴ്‌സണ് ആശംസ അറിയിച്ച് നഗരസഭയിൽ എത്തിയിരുന്നു.ഭരണത്തലവൻമാർ മാറി വരുന്നതല്ലാതെ വികസന പ്രവർത്തനങ്ങൾ നടക്കുന്നില്ലെന്ന് ആരോപിച്ചാണ് എൽ. ഡി. എഫ് അംഗങ്ങൾ തിരഞ്ഞെടുപ്പ് ബഹിഷ്‌ക്കരിച്ചത്.ഒരു സ്വതന്ത്ര ഉൾപ്പടെ 23 അംഗങ്ങളാണ് യു.ഡി.എഫിലുള്ളത്. എൽ .ഡി .എഫ് 9 ബി.ജെ.പി 2 എന്നിങ്ങനെയുമാണ് നഗരസഭയിലെ കക്ഷി നില.
• തിരഞ്ഞെടുപ്പിന് പിന്നാലെ വിവാദം
ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പിനു പിന്നാലെ
യു ഡി എഫിനുള്ളിൽ വീണ്ടും വിവാദം പുകയുന്നു.മുന്നണി ധാരണയില്ലാതെ സ്റ്റാൻഡിങ് കമ്മിറ്റി അംഗം തൽസ്ഥാനം രാജിവച്ചതാണ് പുതിയ വിവാദത്തിന് വഴിവച്ചത്.മുന്നണിയിലെ ഭൂരിഭാഗം അംഗങ്ങളും അറിയാതെ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിയും പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗവുമായ ജൂലി റോയി അപ്രതീക്ഷിതമായി സ്ഥാനം രാജിവച്ചതാണ് ഭിന്നത രൂക്ഷമാണെന്ന സൂചന നൽകുന്നത്.ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ നടത്തിയ നീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
നഗരസഭയിൽ യു.ഡി.എഫിൽ കോൺഗ്രസ് അല്ലാതെ സീറ്റുള്ള ഏക ഘടകകക്ഷി കേരളാ കോൺഗ്രസ് ജോസഫ് വിഭാഗമാണ്. മൂന്ന് സീറ്റുകളുള്ള കക്ഷിക്ക് പക്ഷേ ഒരു ടേമിലും ചെയർപേഴ്‌സൺ സ്ഥാനം നൽകാൻ കോൺഗ്രസ് തയാറായിട്ടില്ല.ചെയർപേഴ്‌സൺ സ്ഥാനം കോൺഗ്രസ് എ,ഐ വിഭാഗങ്ങൾ വീതിച്ചെടുക്കുന്നതിൽ ജോസഫ് വിഭാഗത്തിന് ആദ്യം മുതൽ തന്നെ അമർഷമുണ്ട്.തങ്ങൾക്ക് ഒരു ടേമിലെങ്കിലും ചെയർപേഴ്‌സൺ സ്ഥാനം നൽകണമെന്നാവശ്യപ്പെട്ട് ജോസഫ് വിഭാഗം കെ.പി.സി.സി നേതൃത്വത്തെയും പ്രതിപക്ഷ നേതാവിനെയും സമീപിച്ചുവെന്നാണ് പുറത്ത് വരുന്ന സൂചന.അനുകൂല തീരുമാനമുണ്ടായാൽ ജോസഫ് വിഭാഗത്തിന് ചെയർപേഴ്‌സൺ സ്ഥാനം നൽകേണ്ടി വരും.ഇത്തരത്തിൽ നിർദേശം വന്നാൽ ഇതിനെ മറികടക്കുന്നതിനാണ് സ്റ്റാൻഡിങ് കമ്മിറ്റി അംംത്തെക്കൊണ്ട് രാജി വയ്പ്പിച്ചതെന്നാണ് ആക്ഷേപം.ജോസഫ് വിഭാഗത്തിലെ തന്നെ വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി അദ്ധ്യക്ഷയായ ജാൻസി ബേബിയെ പുറത്താക്കി ജൂലി റോയിയെ ഈ സ്ഥാനത്തെത്തിക്കാനും ചെയർപേഴ്‌സൺ സ്ഥാനം ഒഴിഞ്ഞ ബീന ജോബിയെ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റിയിൽ അംഗമാക്കാനുമാണ് ഇത്തരത്തിൽ നീക്കമെന്നും സൂചനയുണ്ട്.