തൊടുപുഴ: കർക്കടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയാകുന്നു. വെങ്ങല്ലൂർ ചെറായിക്കൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ കർക്കടക വാവുബലി തർപ്പണത്തിനുള്ള ഒരുക്കങ്ങൾ തൊടുപുഴ എസ്. എൻ. ഡി. പി യൂണിയന്റെ നേതൃത്വത്തിൽ പൂർത്തിയായി വരികയാണ്. 28ന് രാവിലെ അഞ്ച് മുതൽ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നി ശാന്തിയുടെ മുഖ്യകാർമികത്വത്തിൽ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിൽ ഗണപതി ഹോമം, വിശേഷാൽ പൂജകൾ, പിതൃഹവനം, എന്നിവ നടക്കുമെന്ന് യൂണിയൻ കൺവീനർ വി.ബി. സുകുമാരൻ, കമ്മിറ്റിയംഗം കെ.കെ. മനോജ് എന്നിവർ അറിയിച്ചു.

നെടുങ്കണ്ടം: കല്ലാർ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം 28 ന് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രം മേൽശാന്തി മാണിക്കുളത്ത് എം.ആർ രതീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. രാവിലെ അഞ്ചിന് ബലിതർപ്പണ ചടങ്ങുകൾ ആരംഭിക്കും. ഇതിനോടനുബന്ധിച്ച് പ്രത്യേക പൂജകളും ക്രമീകരിച്ചിട്ടുണ്ട്. ക്ഷേത്രത്തിൽ എത്തിച്ചേരുന്ന എല്ലാവർക്കും ബലിതർപ്പണം നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ ക്ഷേത്രക്കടവിൽ ഒരുക്കിയിട്ടുണ്ട്. പിതൃനമസ്‌കാരവും കൂട്ടനമസ്‌കാരവും നടത്തുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര കമ്മറ്റി പ്രസിഡന്റ് രാജൻ ശിവദാസ്, എം.ആർ രതീഷ് ശാന്തികൾ, ശരത്കുമാർ ദിലീപ് എന്നിവർ പറഞ്ഞു.

ചെറുതോണി: ഇടുക്കി ശ്രീധർമ്മശാസ്താ ദേവീ ഗുരുദേവക്ഷേത്രത്തിൽ 28ന് രാവിലെ 5.30ന് എ.എസ്. മഹേന്ദ്രൻ ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണത്തിനുള്ള വിപുലമായ സൗകര്യം ഒരുക്കിയിട്ടുള്ളതായി സെക്രട്ടറി ശ്രീലാൽ അറിയിച്ചു.

പടി. കോടിക്കുളം : തൃക്കോവിൽ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 28 ന് രാവിലെ മുതൽ കർക്കിടക വാവുബലി നടക്കും. ക്ഷേത്രം മേൽശാന്തി ബ്രഹ്മശ്രീ കെ.എൻ. രാമചന്ദ്രൻ ശാന്തി ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. അന്നേ ദിവസം പിതൃമോക്ഷ പ്രാപ്തിക്കായി പ്രത്യേകം തിലഹവനത്തോടുകൂടി പിതൃനമസ്കാരവും അടച്ചുനമസ്കാരവും മറ്റ് പിതൃപൂജകളും നടത്തുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

കരിങ്കുന്നം: എസ് എൻ ഡി പി കരിങ്കുന്നം ശാഖയുടെ ശാസ്താം പാറ ഗുരുദേവ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കർക്കിടക വാവ് ബലി 28ന് രാവിലെ 6മണി മുതൽ നടത്തപ്പെടുമെന്ന് ശാഖാ സെക്രട്ടറി സി .കെ സുകുമാരൻ അറിയിച്ചു.

കാഞ്ഞിരമറ്റം : ശ്രീമഹാദേവക്ഷേത്രത്തിൽ കർക്കിടകവാവുദിനമായ 28 ന് രാവിലെ നാലു മുതൽ വിശേഷാൽ പൂജകളും പ്രത്യേക ചടങ്ങുകളും നടക്കും. ക്ഷേത്രം മേൽശാന്തി പെരിയമന ദിലീപ് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ തിലഹവനം, നമസ്‌കാരം , കാൽ കഴുകിച്ചൂട്ട് എന്നിവയും ചടങ്ങുകളുടെ ഭാഗമായി നടക്കും. ക്ഷേത്രക്കടവിൽ രാവിലെ 4.30 മുതൽ ബലിതർപ്പണചടങ്ങുകൾ ആരംഭിക്കും.ബലിതർപ്പണച്ചടങ്ങുകൾക്കായി എത്തിച്ചേരുന്ന ഭക്തർക്ക് പ്രഭാതഭക്ഷണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.