മൂലമറ്റം/ കട്ടപ്പന: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സ്ഥാനാരോഹരണം ആഘോഷമാക്കി പതിപ്പള്ളിയും കോവിൽമലയും. ദക്ഷിണേന്ത്യയിലെ ഏക ഗോത്രവർഗ്ഗ രാജാവായ കോവിൽമല രാമൻ രാജമന്നാന്റെ വീട്ടിൽ സത്യപ്രതിജ്ഞയുടെ തത്സമയ സംപ്രേക്ഷണം നടത്തി. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതിയായി ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്ന് ഒരു വനിതാ സത്യപ്രതിജ്ഞ ചെയ്തതിൽ അഭിമാനമുണ്ടെന്ന് കോവിൽമല രാമൻ രാജമന്നാൻ പറഞ്ഞു. രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞയോടനബന്ധിച്ച് കോവിൽമല പൗരാവലിയുടെ നേതൃത്വത്തിൽ ഗവ. എൽ.പി സ്‌കൂളിൽ നടന്ന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗോത്രവർഗ്ഗ സമൂഹത്തിന്റെ ആത്മാഭിമാനം വീണ്ടെടുത്തത് എഴുപത്തിയഞ്ചാം വർഷത്തിലാണ്. രാഷ്ട്രീയ പാർട്ടികൾക്ക് കൊടി പിടിക്കാൻ മാത്രം വിധിക്കപ്പെട്ട പട്ടികജാതി ഗോത്രവർഗ്ഗ വിഭാഗങ്ങൾക്ക് ലഭിച്ച അംഗീകാരമാണിത്. പരിശ്രമങ്ങളുണ്ടെങ്കിൽ സംവരണങ്ങൾക്കപ്പുറം അംഗീകാരം ലഭിക്കുമെന്നതിന് ഉദാഹരണമാണ് നമ്മുടെ രാഷ്ട്രപതിയെന്നും രാമൻ രാജമന്നാൻ പറഞ്ഞു. ഗ്രാമപഞ്ചായത്ത് ഓഫീസിൽ സ്ഥാപിക്കുന്നതിനുള്ള രാഷ്ട്രപതി ദ്രൗപതീ മുർമൂവിന്റെ ഛായാചിത്രം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിക്കാട്ടിന് കോവിൽമല രാജാവ് കൈമാറി. വാർഡ് മെമ്പർ വി.ആർ. ആനന്ദ് അദ്ധ്യക്ഷനായി. കട്ടപ്പന സരസ്വതി സ്‌കൂൾ ചെയർമാൻ ശ്രീനഗരി രാജൻ, ഹെഡ്മാസ്റ്റർ എസ്. നാഗേന്ദ്രൻ, സീനിയർ അദ്ധ്യാപകൻ സതീഷ് വർക്കി എന്നിവർ സംസാരിച്ചു. കോവിൽമല നിവാസികളും രാഷ്ട്രീയ സാമൂഹിക പ്രവർത്തകരും പങ്കെടുത്ത ആഘോഷ പരിപാടിയിൽ പായസ വിതരണവുമുണ്ടായിരുന്നു.

ചെണ്ടമേളവും നാടൻപാട്ടുമടക്കമുള്ള താളമേളങ്ങളോടെയും പായസവും മധുരപലഹാരങ്ങളും വിതരണം ചെയ്തുമാണ് അറക്കുളം പഞ്ചായത്തിലെ 98 ശതമാനം ആദിവാസി ജനവിഭാഗമുള്ള പതിപള്ളി വാർഡിൽ മുർമുവിന്റെ അധികാരമേൽക്കൽ ആഘോഷമാക്കിയത്. വിവിധ ആദിവാസി സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു ഇവിടെ ആഘോഷം. പതിപ്പള്ളിയിലെ അഞ്ച് ഊര് കൂട്ടങ്ങളും ചേർന്ന് മേഖലയിലെ ഏറ്റവും ഉയരത്തിലുള്ള മേമുട്ടം ഗ്രാമത്തിലാണ് ആഘോഷങ്ങൾ സംഘടിപ്പിച്ചത്. പരിപാടിയിൽ ജനപ്രതിനിധികളും ഊര് മൂപ്പൻമാരും രാഷ്ട്രീയ നേതാക്കളും സമുദായ സംഘടനാ നേതാക്കളും പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് മെമ്പർ എം.ജെ. ജേക്കബ് യോഗം ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പി.എവേലുക്കുട്ടൻ സ്വാഗതം പറഞ്ഞു. ഊരുമൂപ്പൻ പി.ജി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. അഖില തിരുവിതാംകൂർ മലയരയ മഹാസഭ സംസ്ഥാന പ്രസിഡന്റ് കെ.ബി. ശങ്കരൻ, ബി.ജെ.പി നേതാക്കളായ എ.എൻ. രാധാകൃഷ്ണൻ, റബ്ബർ ബോർഡ് മെമ്പർ എൻ. ഹരി മുതലായവർ പ്രസംഗിച്ചു. മൂലമറ്റത്ത് നിന്ന് 10 കിലോമീറ്റർ ജീപ്പ് യാത്ര ചെയ്ത് വേണം മേമുട്ടത്തെത്താൻ.