ഇടുക്കി: മൂന്നാറിലെ ഗ്യാപ്പ് റോഡിൽ നിന്നും പാറ പൊട്ടിച്ച് കടത്തിയ സംഭവത്തിൽ കേസെടുക്കാൻ നിർദ്ദേശം. നെടുംങ്കണ്ടം ഫറ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. റവന്യു ജിയോളജി വകുപ്പുകളിൽ നിന്നും പരാതി ലഭിച്ചില്ലെന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. കൊച്ചി ധനുഷ്‌കോടി ദേശിയ പാതയിൽ മൂന്നാർ ഗ്യാപ്പ് റോഡിൽ നടന്ന അനധികൃത പാറ ഖനനത്തിനെതിരെ രണ്ട് മാസം മുമ്പാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു പൊലീസിൽ പരാതി നൽകിയത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയെങ്കിലും ശാന്തൻപാറ പൊലീസ് എഫ്‌ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നില്ല. ഇതിനെ പരാതിക്കാരൻ നെടുംങ്കണ്ടം കോടതിയിൽ സ്വകാര്യ അന്വായം ഫയൽ ചെയ്യുന്നത്. പരാതിയിൽ കോടതി പൊലീസിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിൽ നിന്നോ റവന്യു വകുപ്പിൽ നിന്നോ പരാതി ലഭിക്കാത്തതിനാലാണ് കേസ് എടുക്കാത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. ഈ റിപ്പോർട്ട് കോടതി തള്ളി. സോട്ട് ഗിരീഷ് ബാബു പരാതിക്കാരൻ റോഡ് നിർമ്മാണത്തിന്റെ മറവിൽ പുറംപോക്ക് ഭൂമിയിൽ നിന്നും 2.5 ലക്ഷം ക്യുബിക്ക് മീറ്റർ പാറ പൊട്ടിച്ചുവെന്നാണ് റവന്യു വകുപ്പ് കണ്ടെത്തിയത്. നിയമ പ്രകാരം റവന്യു വകുപ്പ് കേസ് രജിസ്റ്റർ ചെയ്യുകയും പൊലീസിന് അത് കൈമാറുകയും ചെയ്യേണ്ടതാണ്. എന്നാൽ പാറമോഷണം കണ്ടെത്തി ഒരു വർഷം കഴിഞ്ഞിട്ടും റവന്യു വകുപ്പ് അതിന് തയ്യാറായില്ല. പാറ വിലയും പിഴയും അടക്കം 30 കോടി രൂപ കരാറുകാരനിൽ നിന്നും ഈടാക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പിലായിട്ടില്ല.

കേസ് ഇവർക്കെതിരെ

ദേശിയ പാതയുടെ നിർമ്മാണത്തിന് കരാർ എടുത്ത ദിനേഷ് ചന്ദ്ര ആർ അഗർവാൾ ഇൻഫ്രാകോൺ, ഉപകരാറെടുത്ത ഗ്രീൻവർത്ത് ഇൻഫ്രാസ്ട്രച്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ പ്രതിചേർത്താണ് പൊലീസ് കേസെടുക്കുക. മുൻ ജില്ലാ കളക്ടർ ഉൾപ്പെടെയുള്ള റവന്യു ഉദ്യോഗസ്ഥർക്ക് എതിരെയും ജിയോളജി വകുപ്പിലെയും ദേശിയ പാത വിഭാഗത്തിലെയും ഉദ്യോഗസ്ഥർക്ക് എതിരെയും പരാതിയുണ്ട്.