വാഴക്കുളം: കദളിക്കാടുണ്ടായ ബൈക്കപകടത്തിൽ വിദ്യാർത്ഥി മരിച്ചു.മണക്കാട് ഗ്രാമപഞ്ചായത്തംഗം
അരിക്കുഴ തരണിയിൽ ടോണി കുര്യാക്കോസിന്റെ മകൻ അലൻ (22) ആണ് മരിച്ചത്.ഇന്നലെ രാത്രി എട്ടോടെ കദളിക്കാട് ഹൈറേഞ്ച് ടൈൽസിനു മുമ്പിലായിരുന്നു അപകടം. ടൈൽസ് കടയുടെ മുമ്പിൽ മുവാറ്റുപുഴയ്ക്കുള്ള ദിശയിൽ വഴിയരികിൽ നിർത്തിയിട്ടിരുന്ന തടി ലോറിയുടെ പിന്നിൽ അലൻ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയേറ്റ് അലൻ റോഡിൽ തലയിടിച്ച് വീണു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ അലനെ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തടി ലോറി അപകടകരമായ വിധത്തിൽ റോഡിലേക്ക് ഇറക്കിയാണ് നിർത്തിയിട്ടിരുന്നതെന്നും ഭാരവണ്ടികളിൽ നിഷ്‌കർഷിച്ചിട്ടുള്ള ചുവപ്പ് വെളിച്ചം ലോറിയിൽ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകട മരണത്തിന് സാഹചര്യമായതെന്നും പ്രദേശവാസികൾ പറഞ്ഞു.യുകെയിൽ ഉപരിപഠനം നടത്തുകയായിരുന്ന അലൻ അവധിക്ക് എത്തിയതായിരുന്നു.പൊൻമുടി കദളിക്കാട്ടിൽ കുടുംബാംഗം അമ്പിളിയാണ് മാതാവ്. ഏക സഹോദരൻ അലക്‌സ് പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.