തൊടുപുഴ: നാഷണൽ പാർക്കുകൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും 10 കിലോമീറ്റർ ഇ.എസ്.എയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കൃഷിമന്ത്രി പി. പ്രസാദ് 2017ൽ ഗ്രീൻ ട്രിബ്യൂണലിൽ നൽകിയ ഹർജി പിൻവലിക്കണമെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.അഞ്ച് ദേശീയ ഉദ്യാനങ്ങളും നാല് വന്യജീവി സങ്കേതങ്ങളുമുള്ള ഇടുക്കി ജില്ല പൂർണ്ണമായും ബഫർസോണിന്റെ പരിധിയിലാകാൻ ഇടവരുത്തുന്നതാണ് ഈ ഹർജി. ബഫർ സോൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് കേന്ദ്രം ആവശ്യപ്പെട്ട വിശദാംശങ്ങൾ നൽകാതെ 2017ൽ 10 കിലോമീറ്റർ സംരക്ഷിത മേഖലയാക്കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷി നേതാവ് ഗ്രീൻ ട്രിബ്യൂണലിൽ കേസ് നൽകിയതിന് പിന്നിൽ ഗൂഢലക്ഷ്യമുണ്ട്. 10 കിലോമീറ്റർ ബഫർ സോണാക്കിയാൽ ഇടുക്കി ജില്ലയെ എങ്ങനെ ബാധിക്കുമെന്ന് പോലും പരിഗണിക്കാതെ ഇപ്രകാരം ഹർജി നൽകിയത് ആരുടെ താല്പര്യം സംരക്ഷിക്കാനാണെന്ന് കൃഷി മന്ത്രി വ്യക്തമാക്കണം. 10 കിലോമീറ്റർ ബഫർ സോൺ എന്ന ഗ്രീൻ ട്രിബ്യൂണലിലെ ആവശ്യം ഇടതുപക്ഷത്തിന്റെ നിലപാടാണോയെന്ന് നേതാക്കൾ വ്യക്തമാക്കണം. മൂന്നാറിൽ പ്രാദേശിക രാക്ഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും പിൻബലത്തോടെ വൻ തോതിൽ ഭൂമികൈയേറ്റവും അനധികൃത നിർമ്മാണങ്ങളും നടക്കുന്നുവെന്നും ഇത് തടയാൻ നടപടിവേണമെന്നുമാണ് ഹർജിയിലെ മറ്റൊരാവശ്യം. മൂന്നാറിലെ ഭൂമികൈയേറ്റവും അനധികൃത നിർമ്മാണങ്ങളും തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിവിധ കേസുകളും ഇതിന് ലഭിച്ച ഉത്തരവുകളുടെയും വിശദാംശങ്ങളാണ് ഹർജിയോടൊപ്പം നൽകിയിരിക്കുന്നത്. ഇതേ ആവശ്യവുമായി വൺ ഏർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന 2010ൽ നൽകിയ കേസിനെ തുടർന്ന് ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ഉത്തരവിന്റെ പകർപ്പും ഇതിനോടൊപ്പമുണ്ട്. ജില്ലയിലെ ഇടതുനേതാക്കൾ അറിഞ്ഞാണോ ഈ ഹർജി നൽകിയത്. ജില്ലയിലെ ഭൂ വിഷയങ്ങൾക്ക് കാരണം കോടതി വ്യവഹാരങ്ങളാണെന്നും ഇതിന്റെ പിന്നിൽ കോൺഗ്രസ് നേതാക്കളാണെന്നും കള്ള പ്രചാരണം നടത്തുന്ന ഇടതുനേതാക്കൾ ജില്ലയുടെ നിലനിൽപ്പിനെ ഗുരുതരമായി ബാധിക്കുന്ന പി. പ്രസാദിന്റെ ഗ്രീൻ ട്രിബ്യൂണലിലെ കേസ് പിൻവലിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നും ബിജോ മാണി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ അക്ബർ ടി.എൽ, എബി മുണ്ടയ്ക്കൻ, ആരിഫ് കരിം, ജോമ്‌സ് ജോസഫ് എന്നിവർ പങ്കെടുത്തു.