നെടുങ്കണ്ടം: ഏലം വിലത്തകർച്ചയിൽ കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇടപെടാത്തതിൽ പ്രതിഷേധിച്ച് കർഷക കോൺഗ്രസ് ഉടുമ്പൻചോല നിയോജകമണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 29 ന് കമ്പംമെട്ടിൽ അന്തർസംസ്ഥാന പാത ഉപരോധിക്കും. ഏലക്കായ്ക്ക് തറവില നിശ്ചയിക്കുന്നതിന് കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്തി കൃഷിക്കാരെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല.ഉത്പാദനച്ചെലവ് വരുമാനത്തിന്റെ ഇരട്ടിയിലേക്ക് ഉയർന്നു. എന്നിട്ടും യാതൊരു നടപടിയും സ്വീകരിക്കാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല. ഇതിനിടെയാണ് ബഫർസോൺ വിഷയവും കർഷകരെ പ്രതിസന്ധിയിലാക്കുന്നത്.
ഏലക്കായ്ക്ക് 1500 രൂപയെങ്കിലും തറവില നിശ്ചയിക്കുക, വളം, കീടനാശിനി വിലവർദ്ധനവ് പരിഹരിക്കുക, അമിതമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ്ജ് പിൻവലിക്കുക, ഭക്ഷ്യധാന്യങ്ങൾക്ക് ഏർപ്പെടുത്തിയ അഞ്ച് ശതമാനം ജി.എസ്.ടി പിൻവലിക്കുക, ബഫർസോൺ വിഷയത്തിൽ ജനവാസ മേഖല ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടത്തുന്ന റോഡ് ഉപരോധം മുൻ ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക് നേതാക്കൾ പ്രസംഗിക്കുമെന്ന് കർഷക കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അജയ് കളത്തുകുന്നേൽ, എം.എസ് അനിൽകുമാർ, കെ.ഡി മോഹനൻ, കുട്ടിയച്ചൻ വേഴപ്പറമ്പിൽ, സാബു പൂവത്തിങ്കൽ, ശിവപ്രസാദ് തണ്ണിപ്പാറ, മണികണ്ഠൻ വണ്ടൻമേട് എന്നിവർ പറഞ്ഞു.