കട്ടപ്പന : ഏലം വിലയിടിവിനും വളം കീടനാശിനി വിലവർദ്ധനക്കെതിരെയും ഇടത് തൊഴിലാളി- കർഷക സംഘടനകൾ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി.കട്ടപ്പന ഹെഡ് പോസ്റ്റ്‌ ഓഫീസിലേക്ക് നടന്ന മാർച്ച് സി.ഐ.റ്റി. യു ജില്ലാ സെക്രട്ടറി കെ.എസ് മോഹനൻ ഉദ്ഘാടനം ചെയ്തു.സി ഐ.റ്റി. യു,കർഷക സംഘം,കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകൾ ചേർന്നാണ് കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് സംഘടിപ്പിച്ചത്.ഏലം വിലയിടിവിന് പുറമെ ഇരട്ടിയിലധികമായി വർദ്ധിച്ച വളം- കീടനാശിനികളുടെ വില നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്ന്‌ നേതാക്കൾ ആവശ്യപ്പെട്ടു.എം.എം മണി എം എൽ എ മുഖ്യപ്രഭാഷണം നടത്തി.കർഷക സംഘം ഏരിയ കമ്മറ്റി സെക്രട്ടറി മാത്യു ജോർജ് അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ വി.കെ സോമൻ,പി വി ഷാജി,വി ആർ സജി,ടോമി ജോർജ്,എം സി ബിജു എന്നിവർ പ്രസംഗിച്ചു.കട്ടപ്പനയ്ക്ക് പുറമേ പുറ്റടി സ്‌പൈസസ് പാർക്കിലേയ്ക്കും മറ്റ് പ്രധാന കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേയ്ക്കും കർഷക - തൊഴിലാളി സംഘടനകൾ മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ പുറ്റടിയിൽ എം എം മണി എം എൽ എയും രാജകുമാരിയിൽ സി പി എം ജില്ലാ സെക്രട്ടറി സി. വി വർഗ്ഗീസും ഉദ്ഘാടനം ചെയ്തു.