തൊടുപുഴ: ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ എല്ലാ കോടതികളിലും ആഗസ്റ്റ് 13 ന് ലോക് അദാലത്ത് സംഘടിപ്പിക്കും. കോടതിയുടെ പരിഗണനയിലുള്ളതും ഒത്തുതീർപ്പാക്കാവുന്നതുമായ കേസുകൾ, വാഹനാപകട നഷ്ടപരിഹാര കേസുകൾ, ബാങ്ക് വായ്പക്കേസുകൾ, കെഎസ്ഇബി, ജല അതോറിറ്റി, ബിഎസ്എൻഎൽ, സ്വകാര്യമൊബൈൽ കമ്പനികൾ, തൊഴിൽവകുപ്പ്, രജിസ്ട്രേഷൻ എന്നിങ്ങനെ വകുപ്പുകൾ സമർപ്പിച്ച കേസുകൾ പരിഗണിക്കും. തൊടുപുഴ ജില്ലാ കോടതി സമുച്ചയത്തിലും കട്ടപ്പന, ദേവികുളം,പീരുമേട്, അടിമാലി, നെടുംകണ്ടം ഇടുക്കി,എന്നിവിടങ്ങളിലുള്ള കോടതികളിലുമായിട്ടാണ് അദാലത്ത് നടക്കുക. കൂടാതെ ജില്ലയിലെ മജിസ്ട്രേട്ട് കോടതികളിലെ പെറ്റി കേസുകൾ തീർപ്പാക്കുന്നതിന്റെ ഭാഗമായി ആഗസ്ത് 13 ന് സ്പെഷ്യൽ സിറ്റിങ്ങും സംഘടിപ്പിക്കും. അദാലത്തിൽ കക്ഷികൾക്ക് നേരിട്ടോ അഭിഭാഷകർ മുഖേനയോ ഹാജരാകാമെന്ന് ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി ചെയർമാനും പ്രിൻസിപ്പൽ ജില്ലാ ജഡ്ജിയുമായ പി എസ് ശശികുമാർ, സെക്രട്ടറിയും സബ് ജഡ്ജിയുമായ സിറാജുദീൻ പി. എ എന്നിവർ അറിയിച്ചു.