ചെറുതോണി: പ്രളയത്തിൽ തകർന്ന ചെറുതോണിയുടെ പുനർനിർമ്മാണത്തിനും അടിസ്ഥാന വികസനത്തിനുമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കി നടപ്പിലാക്കും. ചെറുതോണി പാലം പൂർത്തിയാകുന്നതോടെ ടൗണിലെ വ്യാപാരികൾക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ പരിഹരിച്ച്‌ ദേശീയ പാതയുടെ പ്ലാനിൽ ആവശ്യമായ ഭേദഗതികൾ വരുത്തുന്നതിന് മന്ത്രി റോഷി അഗസ്റ്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ചെറുതോണിയിലെ വ്യാപാര സ്ഥാപനങ്ങളെക്കൂടി സംരക്ഷിക്കത്തക്കവിധം റോഡിന്റെ പുനർനിർമ്മാണമാണ് നടപ്പിലാക്കുന്നത്. റോഡിന് ഇരുവശത്തും ഫുട്പാത്ത് നിർമ്മിച്ച് കാൽനടക്കാർക്ക് യാത്ര സുഗമമാക്കും. വാഹനങ്ങൾക്ക് പ്രത്യേക പാർക്കിംഗ് സൗകര്യം ക്രമീകരിക്കും. ചെറുതോണി ഫെഡറൽ ബാങ്ക് ഭാഗത്ത് ജംഗ്ഷൻ നവീകരണം നടപ്പിലാക്കി ഗതാഗത തടസം ഒഴിവാക്കും. ചെറുതോണി എൽ.ഐ.സി ഓഫീസ് മുതൽ ഫെഡറൽ ബാങ്ക് ജംഗ്ഷൻ വരെ 11 മീറ്റർ വീതിയിലും തുടർന്ന് സെൻട്രൽ ജംഗ്ഷൻ വരെ 15 മീറ്റർ വീതിയിലും റോഡ് വികസനം നടപ്പിലാക്കും. ഇത് സംബന്ധിച്ച പ്ലാൻ ദേശീയ പാത ഉദ്യോഗസ്ഥർ ചെറുതോണിയിൽ ചേർന്ന യോഗത്തിൽ വിശദീകരിച്ചു. ചെറുതോണിയിലേക്കുള്ള വലിയ വാഹനങ്ങളുടെ ട്രാഫിക് ഒഴിവാക്കുന്നതിനായി വെള്ളക്കയം ബാലഭവൻ സമീപത്ത് നിന്ന് ആലിൻചുവട് ഫയർ സ്റ്റേഷൻ ജംഗ്ഷനിലേക്ക് പുതിയ പാലവും റോഡും നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. ചെറുതോണി- വഞ്ചിക്കവല റോഡ് വീതി കൂട്ടി നവീകരണവും ഫുട്പാത്ത് നിർമ്മാണവും ഇതിനോടൊപ്പം നടപ്പിലാക്കും. ചെറുതോണി പാലം നിർമ്മിക്കുമ്പോൾ വ്യാപാര സ്ഥാപനങ്ങൾക്ക് നഷ്ടമുണ്ടാകാത്ത രീതിയിൽ അപ്രോച്ച് റോഡ് നിർമ്മിക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു. പുതിയ പാലം പൂർത്തിയാകുമ്പോൾ റോഡിന് ഒരു വശത്തുകൂടി നിലവിലുള്ള ചപ്പാത്തിലൂടെ വാഹനങ്ങൾ കടന്നുപോകുന്നതിനുള്ള വഴിയും ക്രമീകരിക്കും. ചെറുതോണി- പുളിയൻമല റോഡിൽ സെൻട്രൽ ജംഗ്ഷൻ മുതൽ മെഡിക്കൽ കോളേജ് ജംഗ്ഷൻ വരെ വീതികൂട്ടി നിർമ്മിക്കുന്നതിന് അഞ്ച്‌ കോടി രൂപയുടെ പദ്ധതികൾ ഇപ്പോൾ നടന്നുവരികയാണ്. ജില്ലാ വികസനകാര്യ ഉപാദ്ധ്യക്ഷൻ സി.വി. വർഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ.ജി. സത്യൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി ജേക്കബ്, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ്‌ ജോസഫ്, പഞ്ചായത്തംഗങ്ങളായ പ്രഭ തങ്കച്ചൻ, രാജു കല്ലറയ്ക്കൽ, നിമ്മി ജയൻ,​ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ ജോസ് കുഴികണ്ടം, വ്യാപാരി വ്യവസായി സമിതി പ്രസിഡന്റ് സാജൻ കുന്നേൽ, സജി തടത്തിൽ, ഭാരവാഹികളായ ആന്റണി പാറത്തോട്, ഡോ. രവീന്ദ്രനാഥ്, കുര്യാച്ചൻ അനശ്വര, ബിനു എൻ.എസ്, എ. അഭിലാഷ് തുടങ്ങിയവർ പങ്കെടുത്തു.

ചെറുതോണി മുതൽ ഇടുക്കി വരെ ഒറ്റ ടൗൺഷിപ്പാക്കും

ചെറുതോണി ടൗൺ വികസനവും സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തി ഇടുക്കി ഡി.ടി.പി.സി വക സ്ഥലത്ത് നടപ്പിലാക്കുന്ന വിവിധ പദ്ധതികളും യാഥാർത്ഥ്യമാകുന്നതോടെ ചെറുതോണിയും ഇടുക്കിയും ഒറ്റ ടൗൺഷിപ്പായി മാറുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. സാംസ്‌കാരിക നിലയം, മൾട്ടിപ്ലക്‌സ് തീയേറ്റർ, ഇറിഗേഷൻ മ്യൂസിയം എന്നിവയ്ക്ക് ബഡ്ജറ്റിൽ തുക അനുവദിക്കുകയും നിർമ്മാണത്തിനുള്ള പ്ലാൻ തയ്യാറാക്കി വരികയുമാണ്. സംസ്ഥാനത്തെ വിവിധ ഇറിഗേഷൻ ഡാമുകളുടെ മിനി ക്രിയേച്ചറും വാട്ടർ തീം പാർക്കും താമസസൗകര്യം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഇറിഗേഷൻ മ്യൂസിയം നിർമ്മിക്കുന്നത്. സാംസ്‌കാരിക നിലയത്തിന് 50 കോടി രൂപയാണ് ഇതിനകം അനുവദിച്ചിട്ടുള്ളത്. സ്ഥലം സാംസ്‌കാരിക ഇറിഗേഷൻ വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.