കട്ടപ്പന: ഒരു വർഷമായി തുടരുന്ന വിലയിടിവിന്റെ ആഘാതത്തിന് പിന്നാലെ മിന്നൽപ്പിണറായി വളം കീടനാശിനി വിലക്കയറ്റവും ഇവയുടെ കൃത്രിമ ക്ഷാമവും കർഷകനെ ഏലം കൃഷിയിൽ നിന്ന് പിന്തിരിപ്പിക്കുന്നു.ഏല ചെടികൾക്ക് പ്രധാനമായും ഉപയോഗിക്കുന്ന ഫാക്ടംഫോസ്, യൂറിയ, പൊട്ടാഷ് തുടങ്ങിയ വളങ്ങൾക്കാണ് . ഹ്രസ്വകാലം കൊണ്ട് ഇരട്ടിയിലധികം വില ഉയർന്നിരിക്കുന്നത്. വളം വില വർദ്ധിച്ചത് സഹിച്ച് കൃഷി മുന്നോട്ട് കൊണ്ടുപോകാമെന്ന് വെച്ചാൽ വൻകിട തോട്ടങ്ങളുടെ ഇടപെടലിൽ കൃത്രിമ ക്ഷാമം സൃഷ്ടിക്കുന്നത് ചെറുകിട കർഷകനെ വലിയ പ്രഹരമാണ് നൽകുന്നത്.ഹൈറേഞ്ചിലെ പ്രധാന ടൗണുകളിലെ വളക്കടകളിൽ യൂറിയ പൊട്ടാഷ് തുടങ്ങിയ ആവശ്യ വളങ്ങൾ അന്വേഷിച്ചാൽ കിട്ടാറില്ല. അതേ സമയം വൻകിട തോട്ടങ്ങളിലേയ്ക്ക് യഥേഷ്ടം ലഭിക്കുന്നുമുണ്ട്. കീടനാശിനികൾക്ക് ദിനംപ്രതിയാണ് വില വർദ്ധിക്കുന്നത്.അഞ്ഞൂറ് രൂപയിൽ താഴെ വിലയുണ്ടായിരുന്ന 1 ലിറ്റർ എക്കാലക്‌സിന് 780 രൂപയായി വില. റെക്കോഡ് വില തകർച്ചയും കീടനാശിനികളുടെ വൻവിലക്കയറ്റവും തൊഴിലാളികളുടെ കൂലിയും മുടക്കി കഴിഞ്ഞാൽ മിച്ചം ലഭിക്കുന്നത് വീട്ടുചിലവിന് പോലുമില്ലെന്ന് ചെറുകിട ഏലം കർഷകർ പറയുന്നു.

എങ്ങ്പോയി സബ്‌സിഡി വളങ്ങൾ ?


മുൻകാലങ്ങളിൽ സഹകരണ സ്ഥാപനങ്ങൾ വഴി കർഷകന് സബ്‌സിഡി വളങ്ങൾ ലഭിച്ചിരുന്നു. എന്നാലിപ്പോൾ ഏറെക്കാലമായി ഇത്തരം സഹകരണ സ്ഥാപനങ്ങളിലൊന്നും വളങ്ങൾ കണികാണാനില്ലാത്ത സ്ഥിതിയാണ്.

സബ്‌സിഡി വളങ്ങൾ സാധാരണ കർഷകർക്ക് യഥാവിധം വിതരണം ചെയ്യാതെ വൻകിട കർഷകർക്ക് വൻതോതിൽ മറിച്ച് വിറ്റ് കൊള്ളലാഭം കൊയ്യുകയാണെന്ന ആക്ഷേപം ശക്തമാണ്.

വഴിമുടക്കി

അഴുകൽ രോഗം


കനത്ത മഴയെ തുടർന്ന് ഭൂരിപക്ഷം കർഷകരുടെയും തോട്ടങ്ങളിൽ ഏലത്തിന് അഴുകൽ രോഗം വ്യാപിച്ചിട്ടുണ്ട്.തട്ട മറിച്ചിലും പതിവായിട്ടുണ്ട്.കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമാണ് മിക്ക കൃഷിയിടങ്ങളിലും ഉണ്ടായിരിക്കുന്നത്.

ശക്തമായ കാറ്റിൽ ഏലത്തോട്ടങ്ങളിൽ വ്യാപകമായി കൃഷി നശിച്ചിട്ടുണ്ട്.

ഉടുമ്പൻചോല,വണ്ടൻമേട് പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുള്ളത്.നഷ്ടപരിഹാരമായി സർക്കാർ നൽകുന്ന തുക പര്യാപ്തമല്ലെന്ന പരാതിയും കർഷകർക്കുണ്ട്.