തൊടുപുഴ: കുഞ്ചിത്തണി വില്ലേജിലെ 9, 10 എന്നീ ബ്ലോക്കുകളിൽ വരുന്ന 87.37 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നതിന് പുറപ്പെടുവിച്ച കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. എസ് അശോകനും കൺവീനർ പ്രൊഫ. എം ജെ ജേക്കബ്ബും ആവശ്യപ്പെട്ടു.നിർദ്ദിഷ്ട ഭൂമി ചെങ്കുളം റിസർവോയറാലും ജനവാസകേന്ദ്രങ്ങളാലും ചുറ്റപ്പെട്ടാണ് സ്ഥിതി ചെയ്യുന്നതും തുടർച്ചയായി ഒരു ഭാഗത്തും വനഭൂമിയുമില്ല. റിസർവ്വ് വനമായി പ്രഖ്യാപിക്കുന്നതോടെ ചേർന്നു കിടക്കുന്ന ജനവാസ കേന്ദ്രങ്ങൾ പൂർണ്ണമായും ബഫർ സോണിന്റെ പരിധിക്കുള്ളിലാകും. സാധാരണ ജനജീവിതവും സ്വാതന്ത്രമായ ഭൂവിനിയോഗവും അസാദ്ധ്യമാകും. യാതൊരു കൂടിയാലോചനയും മുന്നൊരുക്കങ്ങളും ഇല്ലാതെ ധൃതഗതിയിൽ കരട് വിജ്ഞാപനം പുറപ്പെടുവിച്ചതിന്റെ കാരണം വ്യക്തമാക്കാൻ സർക്കാർ ബാദ്ധ്യസ്ഥരാണ്.

കരട് വിജ്ഞാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് യു ഡി എഫ് ആരംഭിക്കുന്ന സമരപരിപാടികൾ 30ന് ഉച്ചകഴിഞ്ഞ് 3 മുതൽ 31ന്ഉച്ചകഴിഞ്ഞ് 3 വരെ ആനച്ചാലിൽ നടക്കുന്ന രാപ്പകൽ സമരത്തോടെ തുടക്കം കുറിക്കും.