 സമരത്തിനൊരുങ്ങി ഭരണപക്ഷ ട്രേഡ് യൂണിയൻ

തൊടുപുഴ: കാരിക്കോടുള്ള തൊടുപുഴ ജില്ലാ ആശുപത്രിയിലെ റോഡിന്റെ സ്ഥിതി വെന്റിലേറ്ററിൽ കിടക്കുന്ന രോഗിയേക്കാൾ കഷ്ടമാണ്. തകർന്ന് തരിപ്പണമായ ഈ റോഡിലൂടെ അത്യാസന്ന നിലയിലുള്ള രോഗിയുമായി ജില്ലാ ആശുപത്രിയിലെത്തുമ്പോഴേക്കും ഉള്ള ജീവൻ പോയിട്ടുണ്ടാകും. ഒരു അസുഖവുമില്ലാത്തവരാണെങ്കിൽ തിരികെ പോകുമ്പോൾ നടുവ് വേദന ഉറപ്പ്. തൊടുപുഴയിലെയും പരിസര പ്രദേശങ്ങളിലെയും നിരവധി നിർദ്ധന രോഗികൾ ദിവസവും ആശ്രയിക്കുന്ന സർക്കാർ ആശുപത്രിയിലേക്കുള്ള പാതയുടെ അവസ്ഥയാണിത്. അപകടത്തിൽ പരിക്കേറ്റവരടക്കമുള്ള രോഗികളുമായി ദിവസവും നിരവധി ആംബുലൻസുകൾ സഞ്ചരിക്കുന്ന വഴിയാണിത്. മങ്ങാട്ടുകവല- കാരിക്കോട് റോഡിൽ നിന്ന് ജില്ലാ ആശുപത്രിയിലേക്ക് 100 മീറ്ററിൽ താഴെ മാത്രമാണ് ഈ പാതയുടെ ദൂരം. മാസങ്ങൾക്ക് മുമ്പ് റോഡ് അറ്റകുറ്റപണി ചെയ്തിരുന്നെങ്കിലും വീണ്ടും പൂർണമായും തകർന്ന് കാൽനടയാത്ര പോലും സാദ്ധ്യമല്ലാതായി. പലതവണ ഇരുചക്രവാഹനയാത്രികർ കുഴിയിൽ ചാടി നിയന്ത്രണം നഷ്ടപ്പെട്ട് വീണ് പരിക്കേറ്റിട്ടുണ്ട്. ആശുപത്രി പരിസരത്ത് നിന്നുള്ള മഴവെള്ളമടക്കമുള്ള ഒഴുകാൻ ഓടയില്ലാത്ത് റോഡ് തകരാൻ ഒരു കാരണമാണ്. മുകൾ ഭാഗത്ത് കുത്തിയൊലിച്ചെത്തുന്ന വെള്ളം ചെരിഞ്ഞ് കിടക്കുന്ന റോഡിൽ കുത്തിയൊലിച്ചൊഴുകിയാണ് ടാർ ഇളകിപോകുന്നത്. റോഡിന്റെ ശോച്യാവസ്ഥ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നും വഴിയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഭരണപക്ഷ ട്രേഡ് യൂണിയനായ ഓട്ടോ- ടാക്‌സി വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ മാർച്ചും ധർണയും നടത്തും. രാവിലെ 11ന് മങ്ങാട്ടുകവല ബസ്‌സ്റ്റാൻഡ് പരിസരത്ത് നിന്ന് മാർച്ച് ആരംഭിക്കും. ജില്ലാ ആശുപത്രിയ്ക്ക് സമീപം ധർണ യൂണിയൻ ഏരിയാ സെക്രട്ടറി കെ.കെ. കബീർ ഉദ്ഘാടനം ചെയ്യും.


വീതിയില്ലാത്തത് കുരുക്കിനും കാരണമാകുന്നു

വളരെ ഇടുങ്ങിയ റോഡായതിനാൽ ഇരുവശങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ വളരെ ബുദ്ധിമുട്ട് നേരിടുന്നുണ്ട്. റോഡരികിൽ അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഇതുവഴിയെത്തുന്ന ആംബുലൻസുകൾക്കടക്കം ബുദ്ധിമുട്ട് സൃഷ്ടിക്കാറുണ്ട്. അതുപോലെ കാരിക്കോട് ഭാഗത്ത് നിന്നെത്തുന്ന വാഹനങ്ങൾക്ക് പ്രധാന റോഡിൽ നിന്ന് ആശുപത്രി റോഡിലേക്ക് പ്രവേശിക്കുന്നതിന് തിരിഞ്ഞു കയറാൻ വലിയ ബുദ്ധിമുട്ട് നേരിടുന്നത് ഗതാഗതക്കുരുക്കിനിടയാക്കുന്നുണ്ട്. റോഡിന്റെ സമീപത്ത് നിൽക്കുന്ന കരിങ്കൽ കെട്ടാണ് തടസം. ഇവിടെ ചെറിയ വളവ് കൂടിയുള്ളതിനാൽ പലപ്പോഴും അപകടങ്ങൾക്കും ഇത് കാരണമാകുന്നുണ്ട്.