കട്ടപ്പന :സ്ഥിരമായി ആശുപത്രിയിൽ ഹാജരാവാതിരുന്നതിനും നിരുത്തരവാദപരമായ രീതിയിലുള്ള പ്രവർത്തനം നടത്തുകയും ചെയ്ത വെറ്ററിനറി സർജന് സസ്‌പെൻഷൻ.ഉപ്പുതറ കോതപാറയിൽ പ്രവർത്തിക്കുന്ന വളകോട് മൃഗാശുപത്രിയിലെ ഡോക്ടർ എസ്. സന്തോഷിനെയാണ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ സസ്‌പെന്റ് ചെയ്തത്.കഴിഞ്ഞ 4 വർഷമായി കോതപാറ ആശുപത്രിയുടെ ചുമതല ഡോക്ടർ എസ്.സന്തോഷിനാണ് നൽകിയിരുന്നത്.എന്നാൽ സ്ഥിരമായി ആശുപത്രി അടഞ്ഞു കിടക്കുന്നത് കാരണം ക്ഷീരകർഷകർക്ക് അടക്കം ഡോക്ടറുടെ സേവനം ലഭിച്ചിരുന്നില്ല.മാസത്തിൽ ചില ദിവസങ്ങളിൽ മാത്രമാണ് ഇദ്ദേഹം ആശുപത്രിയിൽ എത്തിയിരുന്നത്.മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നതായും പരാതി ഉയർന്നിരുന്നു.ആശുപത്രിയിലെ ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണവും ഉയർന്നിരുന്നു. ഇത്തരത്തിൽ ഡോക്ടർക്കെതിരെ നിരന്തരമായ പരാതി ഉയർന്ന സാഹചര്യത്തിലാണ് ഉപ്പുതറ പഞ്ചായത്ത് ഭരണസമിതി റസലൂഷൻ പാസാക്കി മൃഗസംരക്ഷണ വകുപ്പ് മന്ത്രിക്ക് നേരിട്ട് പരാതി നൽകിയത്.തുടർന്ന് ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഉൾപ്പെട്ട അന്വേഷണ സമിതിയെ നിയോഗിച്ച് പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റത്തിന് പുറമേ ജോലി കൃത്യമായി ചെയ്യാതെ മുഴുവൻ ദിവസത്തെയും ശമ്പളം കൈപ്പറ്റിയതായും അന്വേഷണ സമിതി സമർപ്പിച്ച റിപ്പോർട്ടിലുണ്ട്.