pothichor
തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിലെ 'പൊതിച്ചോറ് സ്‌നേഹ വീട്ടിലേക്ക് ' പദ്ധതിയുടെ ഉദ്ഘാടനം തൊടുപുഴ ഫൊറോന വികാരി റവ. ഡോ. സ്റ്റാൻലി കുന്നേൽ നിർവഹിക്കുന്നു

തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിലെ ജെ.ആർ.സി, ഗൈഡ്, കെ.സി.എസ്.എൽ എന്നിവയുടെ നേതൃത്വത്തിൽ പൊതിച്ചോറ് പദ്ധതിക്ക് വീണ്ടും തുടക്കം കുറിച്ചു. കൊവിഡ് കാലത്ത് നിറുത്തിവച്ച പദ്ധതി നാലാം വർഷത്തിലേക്ക് കടന്നിരിക്കുകയാണ്. മടക്കത്താനത്തുള്ള സ്‌നേഹവീട്ടിലെ 150 അന്തേവാസികൾക്കാണ് കുട്ടികൾ പൊതിച്ചോറ് നൽകുന്നത്. കുട്ടികൾ അവർക്കുള്ള പൊതിച്ചോറിനൊപ്പം ഒരു പൊതിച്ചോറ് കൂടി അധികം കൊണ്ടുവന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. നോൺ വെജ് വിഭവങ്ങൾ ഉൾപ്പെടുത്തിയ പൊതിച്ചോറാണ് കുട്ടികൾ നൽകിയത്. ഇതുവരെ എണ്ണായിരത്തോളം പൊതിച്ചോറാണ് കുട്ടികളുടെ നേതൃത്വത്തിൽ നൽകിയത്. അദ്ധ്യയനവർഷത്തിലെ എല്ലാ വ്യാഴാഴ്ചയും പൊതിച്ചോറ് എത്തിക്കാനാണ് പദ്ധതി വഴി ഉദ്ദേശിക്കുന്നത്. പൊതിച്ചോറിനൊപ്പം അന്തേവാസികൾക്ക് വസ്ത്രങ്ങൾ കൂടി കുട്ടികൾ സ്‌നേഹവീട്ടിലെത്തിച്ചു. സ്‌കൂൾ ഹെഡ്മാസ്റ്റർ ടി.എൽ. ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ ഫൊറോന പള്ളി വികാരി ഫാ.ഡോ. സ്റ്റാൻലി കുന്നേൽ പൊതിച്ചോറ് പദ്ധതി ഉദ്ഘാടനം ചെയ്തു. കാഡ്‌സ് ചെയർമാൻ ആന്റണി കണ്ടിരിക്കൽ മുഖ്യപ്രഭാഷണം നടത്തി. കോ- ഓർഡിനേറ്റർ അനീഷ് ജോർജ്ജ് പദ്ധതി വിശദീകരണം നടത്തി. പി.ടി.എ പ്രസിഡന്റ് റോയി തോമസ്, എം.പി.ടി.എ പ്രസിഡന്റ് ഡിംപിൾ വിനോദ്, അദ്ധ്യാപകരായ ജിൻസ് കെ. ജോസ്, ബിന്ദു ഓലിയപ്പുറം, സുഹ്റ വി.ഐ, ഡോണ ജോസ്, സൗമ്യ ജോസഫ് എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥി പ്രതിനിധികളായ എമിൻ ജോസഫ്, നിയമോൾ മജു, അഫ്രിൻ ഷാൻ, അലൻ ബെന്നി, അദ്വൈത് എസ്, ആൻട്രീസ സെബാസ്റ്റ്യൻ, ആൽഡ്രിയ ബൈജു എന്നിവർ നേതൃത്വം നൽകി.