തൊടുപുഴ: ജില്ലയിൽ അതിദരിദ്രരെന്ന് കണ്ടെത്തിയ കുടുംബങ്ങൾക്ക് സഹായമേകാൻ സൂക്ഷ്മ പദ്ധതി തയ്യാറാക്കുന്നു. അതിദരിദ്ര കുടുംബങ്ങളെ കണ്ടെത്താൻ ദാരിദ്ര്യ ലഘൂകരണ വിഭാഗവുമായി ചേർന്ന് തദ്ദേശവകുപ്പ് ജില്ലയിൽ നടത്തിയ വിശദ പഠനത്തിന്റെ തുടർച്ചയായാണ് സൂക്ഷ്മ പദ്ധതിക്ക് രൂപം നൽകുന്നത്. ഇതിന്റെ ഭാഗമായ പരിശീലന പരിപാടിക്ക് അടുത്ത മാസം ഒന്നിന് തുടക്കമാകും. വരുമാനം, ഭക്ഷണം, പാർപ്പിടം, അടിസ്ഥാന രേഖകൾ എന്നിവയുടെ അഭാവം മൂലം വിവിധ തരത്തിലുള്ള അതിദാരിദ്ര്യാവസ്ഥയാണ് ജില്ലയിലെ കുടുംബങ്ങൾ അനുഭവിക്കുന്നത്. എല്ലാ വകുപ്പുകളുടെയും സഹകരത്തോടെ ഈ പ്രശ്‌നങ്ങൾ താഴെ തട്ടിൽ പരിഹരിക്കുകയാണ് ലക്ഷ്യം. ഓരോ അതിദരിദ്രകുടുംബത്തിന്റെയും അടിസ്ഥാന പ്രശ്‌നങ്ങൾ വിലയിരുത്തി അവയെ മൂന്ന് മാസം കൊണ്ട് പരിഹരിക്കാവുന്നവ, ആറ് മാസം കൊണ്ട് പരിഹരിക്കാവുന്നവ, ദീർഘകാലം കൊണ്ട് പരിഹരിക്കാവുന്നവ എന്നിങ്ങനെ വേർതിരിക്കുകയാണ് ആദ്യഘട്ടം. തുടർന്ന് അനുയോജ്യമായ സൂക്ഷ്മ പദ്ധതികൾ തയാറാക്കി കുടുംബങ്ങളുടെ അതിദരിദ്രാവസ്ഥ മാറ്റിയെടുക്കും.

''പദ്ധതി തയാറാക്കുന്നതിന് മുന്നോടിയായി തദ്ദേശസ്ഥാപന പ്രസിഡന്റുമാർ, സെക്രട്ടറിമാർ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, റിസോഴ്‌സ് പേഴ്‌സൺ എന്നിവർക്ക് ജില്ലാതലം മുതൽ പഞ്ചായത്ത് തലം വരെ പരിശീലനം നൽകും. ആഗസ്റ്റ് അവസാനത്തോടെ പരിശീലന പരിപാടികൾ പൂർത്തിയാക്കി സൂക്ഷ്മ പദ്ധതികൾക്ക് രൂപം നൽകും"

-സാജു സെബാസ്റ്റ്യൻ (ദാരിദ്ര്യ ലഘൂകരണ വിഭാഗം ജില്ലാ പ്രോജക്ട് ഡയറക്ടർ)

ജില്ലയിൽ 2630 അതിദരിദ്രർ

ജില്ലയിൽ 2630 അതിദരിദ്ര കുടുംബങ്ങൾ ഉണ്ടെന്നായിരുന്നു സർവേയിലെ കണ്ടെത്തൽ. ഇതിൽ 1956 കുടുംബങ്ങളിലും ഒരാൾ മാത്രമാണ് താമസം. ആവശ്യത്തിന് ഭക്ഷണവും പോഷകാഹാരവും ലഭിക്കാത്ത 1710 പേരും പട്ടികയിൽ ഇടംപിടിച്ചു. 52 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമായുള്ള 3,45,317 കുടുംബങ്ങളിൽ 0.76 ശതമാനം അതിദരിദ്രർ ആണെന്ന് പഠനത്തിൽ തെളിഞ്ഞു. 1401 പേർക്ക് കിടപ്പാടമില്ലെന്നും 1981 പേർ ആരോഗ്യപരമായ പ്രശ്‌നങ്ങൾ നേരിടുന്നതായും 1710 പേർക്ക് പോഷകാഹാരക്കുറവുള്ളതായും കണ്ടെത്തി. അതിദരിദ്ര കുടുംബങ്ങളിൽ 2359 എണ്ണം ഗ്രാമപഞ്ചായത്ത് പരിധിയിലും 271 എണ്ണം കട്ടപ്പന, തൊടുപുഴ നഗരസഭ പരിധികളിലുമാണ്. ഇവയിൽ 233 എണ്ണം പട്ടികവർഗ കുടുംബങ്ങളും 594 എണ്ണം പട്ടികജാതി കുടുംബങ്ങളും 1839 എണ്ണം മറ്റ് വിഭാഗങ്ങളുമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നിർദേശ പ്രകാരം സൂക്ഷ്മ പദ്ധതി തയാറാക്കുന്നത്.