വണ്ണപ്പുറം: അടിസ്ഥാന സൗകര്യത്തിന്റെ അപര്യാപ്ത്തതയിൽ വീർപ്പ് മുട്ടി വണ്ണപ്പുറം കൃഷിഭവൻ.കൃഷി ഭവന് പുതിയ കെട്ടിടം നിർമ്മിക്കണമെന്ന് കാർഷിക മേഖലയിലുള്ളവരും പ്രദേശവാസികളും വർഷങ്ങളായി ആവശ്യപ്പെടുന്നുണ്ടെങ്കിലും അധികൃതർ മുഖം തിരിക്കുകയാണെന്ന് പറയപ്പെടുന്നു. പതിനേഴ് വാർഡുകളുള്ള പ്രദേശത്തെ മിക്കവാറും കുടുംബങ്ങളുടെ ഏക വരുമാനമാർഗ്ഗവും കൃഷിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. .കാലപ്പഴക്കത്താൽ ജീർണ്ണിച്ച് ഏറെ അപകടാവസ്ഥയിലുള്ള കെട്ടിടത്തിലാണ് കൃഷി ഭവൻ നിലവിൽ പ്രവർത്തിക്കുന്നത്.
കെട്ടിടത്തിന്റെ ഉൾവശത്തെ കോൺക്രീറ്റ് ചീളുകൾ ജീവനക്കാരുടെയും കൃഷി ഭവനിൽ എത്തുന്ന ആളുകളുടേയും ദേഹത്ത് വീഴുന്നതും പതിവാണ്.കൃഷി ഓഫീസാണെന്ന് അറിയാനുള്ള ബോർഡ് പോലും ഇവിടെയില്ല.ഓഫീസിൽ എത്തുന്ന കർഷകർക്ക് ഇരിക്കാൻ ഒരു കസേര പോലും ഇല്ലെന്ന് പറയപ്പെടുന്നു.ജനങ്ങൾക്ക് വിതരണം ചെയ്യാനുള്ള തൈകൾ സൂക്ഷിക്കാൻ സൗകര്യം ഇല്ലാത്തതിനാൽ
ഓഫീസിനകത്താണ് കൂട്ടിയിടുന്നതും. ഇത് ജീവനക്കാരേയും കഷ്ട്ടത്തിലാക്കുകയാണ്.കൃഷി ഓഫീസിന്റെ ഭിത്തിയും നിലവും വൃത്തിയാക്കാതെ ചെളി നിറഞ്ഞ അവസ്ഥയുമാണ്.പ്രദേശത്തെ ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രശ്‌നത്തിൽ അടിയന്തരമായി ഇടപെടണം എന്നാണ് ജനങ്ങളുടെ ആവശ്യം.