
ഡാമിൽ ജലനിരപ്പ് ഉയർന്നതോടെ അയ്യപ്പൻകോവിൽ കോൺക്രീറ്റ് പാലം വെള്ളത്തിനടയിൽ
കട്ടപ്പന : തിരഞ്ഞെടുപ്പ് കാലത്ത് ജനപ്രതിനിധികൾ പറഞ്ഞു പഴകിയ ആ വാക്ക് കേൾക്കുന്നത് ഇപ്പോൾ അയ്യപ്പൻകോവിലുകാർക്ക് അലർജിയാണ്. മറ്റൊന്നുമല്ല 'അടുത്ത മഴക്കാലത്തിന് മുൻപ് വെള്ളം കയറാത്ത കോൺക്രീറ്റ് പാലം' ഇതായിരുന്നു അഞ്ചു വർഷത്തിലൊരിക്കൽ വോട്ട് ചോദിച്ചെത്തുന്ന നേതാക്കളുടെ നുണ കലർത്തിയ വാഗ്ദാനം.ആദ്യമൊക്കെ രാഷ്ട്രീയ നേതാക്കൻമാരുടെ വാക്ക് ഇവിടെയുള്ള സാധാരണക്കാർ വിശ്വസിച്ചിരുന്നുവെങ്കിലും ഇപ്പോൾ ഇതാണ് ഇവർക്ക് ഏറ്റവും വലിയ തമാശ. ബജറ്റിൽ തുക അനുവദിക്കുക,ഫണ്ട് പ്രഖ്യാപിക്കുക,സർവേ നടത്തുക,തറക്കല്ലിടുക അങ്ങനെ പലതും പല കാലങ്ങളിലായി നടന്നു.പക്ഷെ പാലം മാത്രം വന്നില്ല.ഒരു പതിറ്റാണ്ടത്തെ പഴക്കമുണ്ട് അയ്യപ്പൻ കോവിലിലെ ചെറുപാലത്തിന് പകരം വലിയൊരു കോൺക്രീറ്റ് പാലം വേണമെന്ന ആവശ്യത്തിന്.വാഹനം മറുകരെയെത്തുവാൻ ഉപയോഗിക്കുന്ന ചെറുപാലം വെള്ളത്തിൽ മുങ്ങിയാൽ ഒരു കാലത്ത് നിരന്തര ജനകീയ പ്രക്ഷോഭത്തിന് ശേഷം മറുകരയെത്താൻ നിർമിച്ച തൂക്കുപാലം മാത്രമാണ് സ്‌കൂൾ വിദ്യാർത്ഥികൾക്ക് അടക്കം ഇപ്പോഴുള്ള ഏക ആശ്രയം.എന്നാൽ ഈ പാലത്തിനും നാഥൻ ഇല്ലാത്തതിനാൽ തുരുമ്പെടുത്ത് തകർച്ച നേരിടുന്നുണ്ട്.ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ വഴിയാണ് പാലം പദ്ധതിക്ക് നീക്കുപോക്ക് ഉണ്ടായതെങ്കിലും പൈലിങ്ങിനായി സർവേ നടത്തി പോയതല്ലാതെ മറ്റൊരു പുരോഗതിയും ഉണ്ടായിട്ടില്ല.ഇടുക്കി ജില്ലാ ഡെപ്യൂട്ടി കളക്ടറുടെ നിർദ്ദേശപ്രകാരം അയ്യപ്പൻ കോവിൽ, കാഞ്ചിയാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർ സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതും കഴിഞ്ഞ വർഷമാണ്.
പുനരുജീവിപ്പിച്ചത്
മനുഷ്യാവകാശ കമ്മിഷൻ
ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്ന കാലത്ത് സാമാന്തരമായി പാലം നിർമ്മിക്കാനുള്ള പ്രാരംഭഘട്ട നടപടികൾ ആരംഭിച്ചിരുന്നു.എന്നാൽ പിന്നീട് എത്തിയത് എൽ ഡി എഫ് ഗവണ്മെന്റ് വിവിധ പദ്ധതികൾ ഉപേക്ഷിക്കപെട്ടഗണത്തിലേക്ക് പാലവും തള്ളി.ഇതിനെതിരെ സ്ഥലവാസികൾ മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയാണ് പാലം നിർമ്മാണം പുനരുജ്ജീവിക്കാൻ ഇടയാക്കിയത്.പക്ഷെ ഒച്ച് വേഗത്തിലാണ് നടപടികൾ.