ചെറുതോണി: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണെങ്കിലും ഇടുക്കി മെഡിക്കൽ കോളേജിന് നാഷണൽ മെഡിക്കൽ കൗൺസിൽ അംഗീകാരം ലഭിച്ചത് ഹൈറേഞ്ച് മേഖലയ്ക്ക് വലിയ ആശ്വാസമായി. ഇടുക്കി സർക്കാർ മെഡിക്കൽ കോളേജിൽ 100 എം.ബി.ബി.എസ് സീറ്റുകൾക്കാണ് നാഷണൽ മെഡിക്കൽ കമ്മിഷന്റെ അനുമതി നൽകിയിരിക്കുന്നത്.
2014ലാണ് ഇടുക്കി മെഡിക്കൽ കോളേജിന് തുടക്കം കുറിച്ചതെങ്കിലും മതിയായ സൗകര്യങ്ങളും ആവശ്യമായ ജീവനക്കാരും ഇല്ലാത്തതിനാൽ 2016ൽ എം.സി.ഐ. അംഗീകാരം റദ്ദാക്കിയിരുന്നു. തുടർന്ന് ഇവിടെയുള്ള വിദ്യാർത്ഥികളെ മറ്റ് മെഡിക്കൽ കോളേജുകളിലേക്ക് മാറ്റിയിരുന്നു. 2017ൽ മെഡിക്കൽ കോളജിന്റെ അംഗീകാരവും നഷ്ടമായി. ഇതോടെ ഇടുക്കി മെഡിക്കൽ കോളജിലേക്ക് നിയമിച്ച ഡോക്ടർമാരെയും അനുബന്ധ ജീവനക്കാരെയും വർക്കിംഗ് അറേഞ്ച്‌മെന്റ് എന്ന പേരിൽ വിവിധ ആശുപത്രികളിലേക്കു മാറ്റി. തുടർന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി ഹൈറേഞ്ചിലെ രോഗികൾക്ക് അന്യജില്ലകളെയും തമിഴ്നാടിനെയും ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. വീണ്ടും അംഗീകാരം കിട്ടിയതോടെ അതിന് വലിയ തോതിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. അന്ന് 50 എം.ബി.ബി.എസ് സീറ്റുകൾക്കാണ് അനുമതിയുണ്ടായിരുന്നെങ്കിൽ ഇന്ന് 100 സീറ്റുകൾക്ക് അനുമതി നേടിയെടുക്കാൻ സാധിച്ചത് വലിയ നേട്ടമാണ്. പരാധീനതകൾക്ക് നടുവിലായിരുന്ന മെഡിക്കൽ കോളേജിന്റെ നൂനതകൾ ഘട്ടംഘട്ടമായി പരിഹരിച്ചാണ് നാഷണൽ മെഡിക്കൽ കമ്മിഷന് അനുമതിയ്ക്കായി ശ്രമിച്ചത്. അനുമതി ലഭിക്കാനാവശ്യമായ സജ്ജീകരണങ്ങളൊരുക്കി ആവശ്യമായ ജീവനക്കാരെ നിയമിച്ചു. പുതിയ കെട്ടിടം പൂർത്തീകരിച്ച് ഐ.പി ആരംഭിച്ചു. അത്യാഹിത വിഭാഗം ആരംഭിച്ചു. കൂടുതൽ സൗകര്യങ്ങളോടെ ഒ.പി വിഭാഗം പുതിയ ആശുപത്രി സമുച്ചയത്തിലേക്ക് മാറ്റി. സി.ടി സ്‌കാൻ, ഡിജിറ്റൽ എക്‌സ്‌റേ, മാമോഗ്രാം, കമ്പ്യൂട്ടറൈസ്ഡ് റേഡിയോഗ്രാഫി തുടങ്ങിയ അത്യാധുനിക പരിശോധനാ സംവിധാനങ്ങളോടൊപ്പം രക്തത്തിലെ പ്ലാസ്മ വേർതിരിച്ച് സൂക്ഷിക്കാനുള്ള ജില്ലയിലെ ആദ്യത്തെ ബ്ലഡ് സെന്ററും ആരംഭിച്ചു.
പോരായ്മകൾ തിരുത്തി, അംഗീകാരം നേടി
കഴിഞ്ഞ ഫെബ്രുവരി ആദ്യം മെഡിക്കൽ കോളജിലെത്തിയ കമ്മിഷൻ അധികൃതർ പരിശോധനയിൽ കണ്ടെത്തിയ പോരായ്മകൾ അക്കമിട്ടു നിരത്തി ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കത്ത് നൽകിയിരുന്നു. അന്തിമ റിപ്പോർട്ടിനു മുമ്പ് ഈ കുറവുകൾ നികത്താനുള്ള അവസരവും കമ്മിഷൻ ഇടുക്കി മെഡിക്കൽ കോളജ് അധികൃതർക്ക് നൽകി. അംഗീകാരത്തിനുള്ള മാനദണ്ഡങ്ങളിൽ വരുത്തിയ മാറ്റങ്ങളാണ് ആദ്യ ഘട്ട പരിശോധനയിൽ തിരിച്ചടിയായത്. മുൻ വർഷങ്ങളിൽ 50 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പഠിക്കാൻ ഭൗതിക സാഹചര്യമുള്ള കോളജുകൾക്ക് അനുമതി നൽകിയിരുന്നെങ്കിൽ ഇപ്പോൾ ഇത് 100 കുട്ടികൾക്ക് എന്നാക്കി മാറ്റിയിട്ടുണ്ട്. മെഡിക്കൽ കോളേജുകളുടെ മേൽനോട്ട ചുമതല മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയിൽ നിന്ന് ദേശീയ മെഡിക്കൽ കമ്മിഷൻ ഏറ്റെടുത്തതോടെയാണിത്. മുൻവർഷങ്ങളിൽ അംഗീകാരത്തിന് തടസമായി നിന്നിരുന്ന ഒട്ടേറെ ന്യൂനതകൾ ഒരു വർഷം കൊണ്ട് പരിഹരിച്ചിരുന്നു. പോരായ്മകൾ തിരുത്താൻ അവസരം ലഭിച്ചതോടെയാണ് ഇടുക്കി മെഡിക്കൽ കോളജിന് ഈ വർഷം തന്നെ അംഗീകാരം ലഭിച്ചത്.
''ഹൈറേഞ്ചിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭിക്കുന്നതിന് ഈ തീരുമാനം ഏറെ പ്രയോജനപ്പെടും. മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മലയോര മേഖലയിലെ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ലഭിക്കുന്നതിനും ഈ തീരുമാനം ഉപകാരപ്പെടും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി മികച്ച ചികിത്സാ സൗകര്യങ്ങൾ ഒരുക്കുകയാണ് അടുത്ത ലക്ഷ്യം. മെഡിക്കൽ കോളേജിന് അംഗീകാരം ലഭ്യമാക്കാൻ പിന്തുണച്ച മുഖ്യമന്ത്രി പിണറായി വിജയനും ബഹു ആരോഗ്യമന്ത്രി വീണാ ജോർജിനും ഇടുക്കിയിലെ ജനങ്ങളുടെ പേരിൽ നന്ദി അറിയിക്കുകയാണ്."
- മന്ത്രി റോഷി അഗസ്റ്റിൻ