രാജാക്കാട്: യുവതി പ്രസവിച്ച ഇരട്ടകുട്ടികളെ കഴുത്ത് ഞെരിച്ച് കൊന്ന് കുഴിച്ച് മൂടിയെന്ന വ്യാജ വാർത്ത പൊതുജനങ്ങളെയും പൊലീസിനെയും ഒരുപോലെ വട്ടംകറക്കി. സേനാപതി പഞ്ചായത്തിലെ ഏലത്തോട്ടത്തിൽ അന്യസംസ്ഥാന തൊഴിലാളി സ്ത്രീ പ്രസവിച്ച ശേഷം ഇരട്ടകുട്ടികളെ കൊന്ന് കുഴിച്ച് മൂടിയെന്നാണ് വ്യാജവാർത്ത പരന്നത്. . ഇന്നലെ ഉച്ചയോടെയാണ് ഇത് സംബന്ധിച്ച് ഉടുമ്പൻചോല സി.ഐക്ക് ആദ്യ ഫോൺ കോൾ എത്തുന്നത്. നാട്ടുകാരാണ് വിവരം അറിയിച്ചത്. നവജാത ശിശുക്കളെ അവിവാഹിതയായ യുവതി കുഴിച്ചിടുന്നത് കണ്ടെന്നും ഇവർ അറിയിച്ചു. ഉടനെ തന്നെ സി.ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി സ്ത്രീയെ ചോദ്യം ചെയ്തു. അപ്പോഴാണ് നാല് മാസം ഗർഭിണിയായിരുന്ന യുവതിയുടെ ഗർഭം അലസിയതാണെന്ന് അറിഞ്ഞത്. പുറത്ത് വന്ന ചാപിള്ളയെ ആണ് കുഴിച്ചിട്ടത്. പിന്നാലെ രക്തസ്രാവം തുടർന്നതോടെ രാജാക്കാടുള്ള ആശുപത്രിയിലെത്തി മരുന്നും വാങ്ങിയിരുന്നു. ഇത് സ്ഥിരീകരിക്കാനായി പൊലീസ് ഇവരെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചു. ഡോക്ടർമാരുടെ പരിശോധനയിൽ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതോടെയാണ് ആശങ്കയ്ക്ക് വിരാമമായത്. താൻ വിവാഹിതയാണെന്ന് മദ്ധ്യപ്രദേശ് സ്വദേശിയായ യുവതി പറയുന്നു. ഈ മാസം 18നാണ് കേരളത്തിലെത്തുന്നത്. ഭർത്താവ് മറ്റൊരിടത്ത് ജോലിയിലാണ്. കൃത്യമായ പരിചരണം ലഭിക്കാത്തതുകൊണ്ട് ഗർഭം അലസിയതെന്ന് യുവതി പറഞ്ഞു.